ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ബിന്റ്ജ്ബെയിലിൽ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അടുത്തിടെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിലെ ഏറ്റവും ഗുരുതരമായ സംഭവങ്ങളിൽ ഒന്നാണിത്. ലെബനീസ് ഉദ്യോഗസ്ഥർ ആക്രമണത്തെ ഉടൻ തന്നെ അപലപിക്കുകയും സാധാരണക്കാർക്ക് നേരെയുണ്ടായ മനഃപൂർവമായ ആക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഡ്രോൺ ആക്രമണം ഒരു മോട്ടോർബൈക്കിനെയും ഒരു വാഹനത്തെയും ലക്ഷ്യമിട്ടാണ് നടന്നതെന്നാണ് ലെബനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ആക്രമണത്തിൽ ഒരു യുഎസ് പൗരത്വമുള്ള ഒരാളും അയാളുടെ മൂന്ന് കുട്ടികളും മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു.
ഹിസ്ബുള്ള അംഗത്തെയാണ് ലക്ഷ്യമിട്ടതെന്നു വ്യക്തമാക്കി ഇസ്രായേൽ സൈന്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പറഞ്ഞു, “സാധാരണക്കാർക്ക് സംഭവിച്ച നാശനഷ്ടത്തിൽ ഐഡിഎഫ് ഖേദിക്കുന്നു. നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ ഐഡിഎഫ് പ്രവർത്തിക്കുന്നു. സംഭവം പുനഃപരിശോധനയിലാണ്.- ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി.
ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ആക്രമണത്തെ “സാധാരണക്കാർക്കെതിരെയുള്ള കുറ്റകൃത്യവും തെക്കൻ പ്രദേശങ്ങളിലേക്ക് മടങ്ങുന്ന ആളുകളെ ഭയപ്പെടുത്താനുള്ള സന്ദേശവും” എന്നാണ് വിശേഷിപ്പിച്ചത്.