വേശ്യലയത്തില്‍ പൂത്ത പ്രണയം; വേശ്യാലയത്തിലകപ്പെട്ട നേപ്പാളി പെണ്‍കുട്ടിയെ യുവാവ് സ്വന്തമാക്കിയത് അതീവ സാഹസികമായി; സിനിമയെപ്പോലും വെല്ലുന്ന അക്കഥ ഇതാണ്

slut600എന്നത്തെയും പോലെ ഇടപാടുകാരെയും പ്രതീക്ഷിച്ച് ഡല്‍ഹി ജി.ബി റോഡിലെ വേശ്യാലയത്തിലെ അരണ്ടവെളിച്ചമുള്ള മുറിയില്‍ അവള്‍ ഇരുന്നു. പതിവുപോലെ ഇടപാടുകാരനെത്തി. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി അവളുടെ മാംസത്തിനു പകരം അവന്‍ ആവശ്യപ്പെട്ടത് പ്രണയമായിരുന്നു. അന്തി ചന്തയിലെ തിരക്കില്‍വച്ചു ഒറ്റ നോട്ടത്തില്‍ മനസു കവര്‍ന്നു കടന്നു കളഞ്ഞ ആ സുന്ദരിയെ തേടി എത്തിയതായിരുന്നു അയാള്‍. ആ രാത്രിയില്‍ ആയാള്‍ തന്റെ പ്രണയം കൈമാറി. പുലരുവോളം അവര്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു. രാവിലെ യാത്ര ചൊല്ലി പിരിയുമ്പോഴേക്കും അവര്‍ അകലാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. പിന്നീട് ആ വേശ്യാലയത്തില്‍ അയാള്‍ പതിവുകാരനായി, അവളെ കാണാണായി മാത്രം. അവരുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു.

ഭൂകമ്പത്തില്‍ എല്ലാം നഷ്ടമായപ്പോള്‍ ഒരു പുതിയ ജീവിതം തേടി നേപ്പാളില്‍ നിന്നു ഡല്‍ഹിയില്‍ എത്തിയതായിരുന്നു ആ 27കാരി. പക്ഷെ വിധി അവളെ എത്തിച്ചത് ഡല്‍ഹി ജിബി റോഡിലെ വേശ്യാലയത്തില്‍. സഹായം വാഗ്ദാനം ചെയ്ത ഒരാളെ വിശ്വസിച്ചതാണ് അവള്‍ക്കു പറ്റിയ തെറ്റ്. അയാള്‍ അവളെ വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു. സങ്കടക്കടല്‍ ഉള്ളിലൊതുക്കി അവള്‍ ആ ഇരുട്ടുമുറിയില്‍ കഴിഞ്ഞു സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് ഒരു മടക്കയാത്ര ഇല്ലെന്ന തിരിച്ചറിവില്‍. അപ്പോഴാണ് ഡ്രൈവറായ 28 വയസുകാരന്‍ അവളെ ചന്തയില്‍ വച്ചു കണ്ടുമുട്ടുന്നത്. അവളെ തേടിയുള്ള അവന്റെ അന്വേഷണം എത്തിയതാകട്ടെ ആ വേശ്യാലയത്തിലും. പരസ്പരം പ്രണയം തുറന്നു പറഞ്ഞെങ്കിലും ആഗ്രഹം സഫലമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അതും രണ്ടും വര്‍ഷം.

പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് യുവാവിന്റെ പദ്ധതിയെന്നു മനസിലാക്കിയ വേശ്യാലയം നടത്തിപ്പുകാര്‍ ഇവരുടെ സമാഗമത്തിന് ഇടങ്കോലിട്ടു. പരസ്പരമുള്ള കൂടിക്കാഴ്ച വിലക്കി. ഒടുവില്‍ യുവതി അവിടെയുള്ള മറ്റൊരു ലൈംഗികത്തൊഴിലാളിയോടു വിവരം പറഞ്ഞു. അവരുടെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാവ് ഡല്‍ഹിയിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വലിയൊരു സംഘം പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മിഷനിലെ കൗണ്‍സിലര്‍മാരും വേശ്യാലയം റെയ്ഡ് ചെയ്താണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ച് യുവാവ് വീട്ടുകാരോട് തുറന്നു പറഞ്ഞിട്ടുണ്ട്. എത്രയും വേഗം വിവാഹിതരാവാനാണ് തീരുമാനം.

2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു അവള്‍. അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഭക്ഷണത്തിനു പോലും വകയില്ലാതായതോടെ ജീവിക്കാന്‍ അവള്‍ ഡല്‍ഹിയിലെത്തി. അവിടെ ആരോ അവളെ ജെ.ബി. റോഡില്‍ വില്‍ക്കുകയായിരുന്നുവെന്ന് ഡിസിഡബ്വ്യു ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ പറയുന്നു. ജിബി റോഡില്‍ നിരവധി വേശ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെല്ലാം പരിശോധന നടത്തി അവയെല്ലാം അടച്ചു പൂട്ടാനുള്ള നടപടിയും അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ഈ വേശ്യാലയങ്ങളില്‍ പെട്ടാല്‍ പിന്നീടൊരു തിരിച്ചുപോക്കില്ലെന്ന വിശ്വാസം കൂടിയാണ് ഈ പ്രണയം തിരുത്തിയെഴുതുന്നത്. എന്തായാലും യുവാവിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് പലരും മുമ്പോട്ടു വരുന്നുണ്ട്.

 

Related posts