തൃശൂർ: പാർലമെന്റിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ രാജ്യത്തെ അപ്രഖ്യാപിത പ്രസിഡൻഷ്യൽ ഭരണക്രമത്തിലാക്കിയെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സിപിഎം തൃശൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രഫ.എം. മുരളീധരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടികളേയും എംപിമാരേയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി അപ്പം ചുട്ടെടുക്കുന്നതുപോലെ നിയമങ്ങൾ പാസാക്കുന്നു. പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റികളേയും സെലക്ട് കമ്മിറ്റികളേയും അപ്രസക്തമാക്കി. ഗാന്ധിവധവും ഗുജറാത്ത് കൂട്ടക്കൊലയും നടത്തിയ പ്രസ്ഥാനം നേതൃത്വം നൽകുന്ന സർക്കാർ തീവ്രവാദ നിയന്ത്രണ നിയമഭേദഗതി കൊണ്ടുവന്നതിൽ വൈരുധ്യമുണ്ട്. അങ്ങേയറ്റം അപകടകരവുമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചരിത്രം രാജ്യത്തിനറിയാം. അദ്ദേഹവും പ്രധാനമന്ത്രിയും ചേർന്ന് സർക്കാരിനെ ഭരണകൂട ഭീകരശക്തിയാക്കുകയാണ്. മോദി സർക്കാരിന്റേതു വെറും സ്വേച്ഛാധിപത്യ ഭരണമെന്നു പറഞ്ഞ് തള്ളരുതെന്നും ബേബി അഭിപ്രായപ്പെട്ടു.
പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ.പി. മോഹനൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, സി. രാവുണ്ണി, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.