ബംഗളൂരു: മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.പി. യോഗേശ്വറിന്റെ സഹോദരീ ഭർത്താവിനെ ചാമരാജ്നഗറിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ശനിയാഴ്ച മുതൽ കാണാതായ മഹാദേവയ്യയുടെ(62) മൃതദേഹമാണു തെരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തിയത്. രാംപുര ഗ്രാമത്തിൽനിന്നു കണ്ടെത്തിയ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ട്.
ചന്നപട്ടണയിലെ ചക്കേരയിലെ ഫാംഹൗസിൽനിന്നാണ് മഹാദേവയ്യയെ കാണാതായത്. അന്വേഷണത്തിൽ രക്തക്കറയുമായി കാർ കണ്ടെത്തി. ഇതിനു സമീപമായിരുന്നു മൃതദേഹം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.