മുഖ്യമന്ത്രിയെ തിരുത്തി പോലീസ്, മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്നു പിടിച്ചെടുത്തത് പണിയായുധങ്ങളല്ല, ആളെ കൊല്ലുന്ന മാരകായുധങ്ങള്‍ തന്നെ, പോലീസിന്റെ എഫ്‌ഐആര്‍ പുറത്തായതോടെ സര്‍ക്കാര്‍ വെട്ടില്‍

zzz_local-cmഎറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്നു പിടിച്ചെടുത്തത് മാരകായുധങ്ങളെന്ന് പോലീസ് റിപ്പോര്‍ട്ട്. എഫ്‌ഐആറിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പിടിച്ചെടുത്തത് പണിയായുധങ്ങളാണെന്നായിരുന്നു. അതേസമയം  കോളജ് ഹോസ്റ്റലില്‍നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് അടുത്ത ആഴ്ചത്തേക്കു നീളും. വിവിധ ജില്ലകളിലുള്ളവിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കി ഇവരെ വിളിച്ചുവരുത്തുന്നതിനുള്ള താമസമാണ് ചോദ്യം ചെയ്യല്‍ വൈകുന്നതിനു കാരണമെന്നു സെന്‍ട്രല്‍ സിഐ അനന്തലാല്‍ വ്യക്തമാക്കി. സംഭവത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്ത മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ഥികളെയാണു പോലീസ് ചോദ്യം ചെയ്യുന്നത്. പിടിച്ചെടുത്തത് പണിയായുധങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്കു ഉടന്‍ നോട്ടീസ് അയക്കും. കോളജിലെ പിജി, ഡിഗ്രി വിദ്യാര്‍ഥികളാണു മുറിയില്‍ താമസിച്ചിരുന്നത്. പലര്‍ക്കും പരീക്ഷകള്‍ നടന്നുവരുന്നതിനാല്‍ കഴിഞ്ഞ 30ന് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍വിട്ട് വീടുകളിലേക്കു പോയിരുന്നു. ഇതിനാല്‍ ഇവരെ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതേസമയം, മുറിയില്‍ താമസിച്ചുവന്ന വിദ്യാര്‍ഥികളെ കുടുക്കുന്നതിനായി പുറത്തുനിന്ന് ആരെങ്കിലും ആയുധം എത്തിച്ചതാണോയെന്നും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണു കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു താത്ക്കാലികമായി അനുവദിച്ച മുറികളില്‍ ഒന്നില്‍നിന്നും പോലീസ് മാരാകായുധങ്ങള്‍ പിടിച്ചെടുത്തത്. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഇവിടെനിന്നും കണ്ടെടുത്തത്. മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 19 വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലികമായി അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കുകയായിരുന്നു. ഒന്നാം നിലയിലെ ഇവര്‍ക്ക് അനുവദിച്ച 13, 14, 15 നമ്പര്‍ മുറികളില്‍ 14ാം നമ്പര്‍ മുറിയില്‍നിന്നുമാണു പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.

Related posts