ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം ! അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല മംമ്താ മോഹന്‍ദാസ് തുറന്നു പറയുന്നു…

മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണമുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദമെന്ന മഹാവ്യാധിയെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചു വച്ചില്ല. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്നതിനായി തന്റെ ചികിത്സയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. അര്‍ബുദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ തന്നെ സഹായിച്ചവരില്‍ നിര്‍ണായപങ്കു വഹിച്ച ഒരു അമ്മയെയാണ് മംമ്ത ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ‘ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,’ എന്നു പറഞ്ഞുകൊണ്ട് അതിവൈകാരികമായാണ് താരം ആ അമ്മയെ പരിചയപ്പെടുത്തിയത്.

ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം അതിനു പിന്നിലെ കഥയും മംമ്ത വെളിപ്പെടുത്തി. അര്‍ബുദ ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തിയപ്പോഴാണ് മംമ്ത ഈ അമ്മയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ വച്ച് മംമ്ത അര്‍ബുദത്തിനുള്ള പുതിയ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. നീല്‍ ശങ്കര്‍ എന്ന ഗവേഷകനായിരുന്നു ഇതിനു ചുക്കാന്‍ പിടിച്ചത്.

താരത്തിന്റെ അടുക്കലേക്ക് നീല്‍ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. മംമ്തയ്ക്ക് അര്‍ബുദമാണെന്ന വാര്‍ത്തയറിഞ്ഞ നീല്‍ ശങ്കറിന്റെ അമ്മ മകനെ നിര്‍ബന്ധിച്ച് താരത്തിന്റെ അടുക്കലേക്ക് അയയ്ക്കുകയായിരുന്നു. അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആ കൂടിക്കാഴ്ച നിര്‍ണായകമായിരുന്നെന്ന് താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ഏഴു വര്‍ഷം മുന്‍പ് ഈ അമ്മയാണ് അമേരിക്കയില്‍ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്.

അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാന്‍ കൂടിയായിരുന്നു ആ നിര്‍ദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ? ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം നീല്‍ ശങ്കര്‍ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീല്‍ ശങ്കറിനെക്കുറിച്ച് ഞാന്‍ പല മാസികകളില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങള്‍. നന്ദി അമ്മേ!

Related posts