ഒറിജിനല്‍ പേര് ബിജു ആന്റണി ! മലപ്പുറത്തെത്തുമ്പോള്‍ റഫീഖ്; വൈക്കത്തെത്തുമ്പോള്‍ ജീവന്‍; 50 സ്ത്രീകളെ വിവാഹം കഴിച്ച കല്യാണത്തട്ടിപ്പ് വീരന്റെ കഥയിങ്ങനെ…

കോട്ടയം: ഇരുപത്തിയഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരന്‍ ഒടുവില്‍ കുടുങ്ങി.മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു 38കാരനായ ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇരകളെ വിവാഹം കഴിച്ചശേഷം ഇവരുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പ്രധാനമായും വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.

മലപ്പുറത്ത് റഫീഖ് എന്ന പേരിലും വൈക്കത്ത് ജീവന്‍ എന്ന പേരിലും പരിചയപ്പെടുത്തിയിരുന്ന ബിജു ആന്റണി പ്രാദേശികത മുതലെടുത്താണ് ആള്‍മാറാട്ടം നടത്തിയിരുന്നത്. പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് ഇയാളുടെ രീതി. മലപ്പുറം സ്വദേശിയായ യുവതിയുമായി ഇത്തരത്തില്‍ അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞ മാസം വടുതലയില്‍ വാടകയ്ക്കു വീടെടുത്ത് താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി കടന്നുകളയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഒരു യുവതിയുമായി പരിചയം സ്ഥാപിച്ചാല്‍ പിന്നെ അവരുടെ പേരില്‍ സിംകാര്‍ഡ് എടുക്കും. പിന്നീട് ആ സിം കാര്‍ഡ് ഉപയോഗിച്ചാണ് അടുത്ത പരസ്യം നല്‍കുന്നതും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. വയനാട്ടിലും ഗുണ്ടല്‍പ്പേട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി പല സ്ഥലങ്ങളിലും അന്വേഷണം നടത്തി വരവേ കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാളുമായി സ്റ്റേഷനിലേക്കു വരുമ്പോഴും കഴിഞ്ഞ ദിവസം നല്‍കിയ വിവാഹപരസ്യം കണ്ട് നിരവധി യുവതികള്‍ വിളിക്കുന്നുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.

എറണാകുളത്തു താമസിക്കുമ്പോള്‍തന്നെ ഇയാള്‍ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45000 രൂപ കൈക്കലാക്കിയിരുന്നു. വൈക്കം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചുവരികയുമായിരുന്നു. മലപ്പുറം സ്വദേശിനിയോടു റഫീഖ് എന്നും, വൈക്കം സ്വദേശിനിയോടു ജീവന്‍ എന്നും മറ്റുള്ളവരോടു ബിജു എന്നുമാണു പേരു പറഞ്ഞിരുന്നത്. ഫേസ്ബുക്കില്‍നിന്നു സാമ്യമുള്ളവരുടെ ഫോട്ടോ എടുത്തശേഷം അതാണു വാട്സ് ആപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരുന്നത്. കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. കാസര്‍ഗോഡ് കുമ്പള, കണ്ണൂര്‍ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. അറസ്റ്റ് ചെയ്യുന്നതിനു തലേദിവസവും ഇയാള്‍ പത്രത്തില്‍ വിവാഹപരസ്യം നല്‍കിയിരുന്നു.

Related posts