വിവാഹച്ചടങ്ങിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച വിരുതനെ കുടുക്കിയത് ചടങ്ങിനെത്തിയ ആള്‍ മൊബൈലില്‍ പിടിച്ച വീഡിയോ; മോഷ്ടാവാരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കാമറാമാന്‍; മോഷ്ടാവിന് മാപ്പു നല്‍കണമെന്ന് പണത്തിന്റെ ഉടമ; തൊടുപുഴയില്‍ സംഭവിച്ചത് ഇതൊക്കെ…

വിവാഹച്ചടങ്ങിന്റെ തിരക്കിനിടെ നൈസായി ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ പള്ളിയില്‍ നടന്ന മോഷണത്തില്‍ മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപി(26)നെയാണ് പോലീസ് പിടികൂടിയത്. വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ലൈറ്റ് പിടിക്കാനെത്തിയ ദിലീപ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലയന്താനിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പണം നഷ്ടമായ ആള്‍ കേസ് വേണ്ടെന്ന് പറഞ്ഞുവെങ്കിലും സംഗതി മോഷണമായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചടങ്ങ് നടക്കുന്നതിനിടെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ദിലീപിനെ സംശയിക്കത്തക്ക വിധത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പണം എടുത്തിട്ടില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ബൈക്കില്‍ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു.

എസ് ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, പണം നഷ്ടപ്പെട്ടയാള്‍ യുവാവിന് മാപ്പു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് എത്തുകയായിരുന്നു. എന്നാല്‍, കേസ് ചാര്‍ജുചെയ്തുവെന്നും കോടതിയില്‍ ഹാജരാക്കണമെന്നും അറിയിച്ച പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.

Related posts