മനോഹര്‍ പരീക്കര്‍! താന്‍ ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിലെ തണ്ണിമത്തന്‍ കര്‍ഷകന്റെ കഥയിലൂടെ ഒരു രാജ്യത്തെ പ്രചോദിപ്പിച്ച് കടന്നുപോയ നേതാവ്

മനോഹര്‍ പരീക്കര്‍ വിടവാങ്ങിയിരിക്കുന്നു. ഗോവ എന്ന കൊച്ചു സംസ്ഥാനത്തിന്റെ എല്ലാമെല്ലാമായിരുന്ന രാഷ്ട്രീയ നേതാവ്. രാഷ്ട്രീയത്തിലെ എതിരാളികളെപ്പോലെ സ്‌നേഹത്തിന്റെയും മര്യാദയുടെയും ഭാഷകൊണ്ട് അടുപ്പിച്ച് നിര്‍ത്തിയിരുന്ന ആദരണീയ വ്യക്തിത്വത്തിന് ഉടമ. അദ്ദേഹത്തിന്റെ കഴിവുകളും ആദര്‍ശങ്ങളും എണ്ണിയാല്‍ തീരാത്തതാണ്. അക്കൂട്ടത്തില്‍ ഒന്നാണ് വിദ്യാഭ്യാസത്തിനും യുവതലമുറയ്ക്കും വിദ്യാസമ്പന്നന്‍ കൂടിയായ അദ്ദേഹം കൊടുത്തിരുന്ന പ്രാധാന്യം.

യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതിരുന്ന കുടുംബത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തിന്റെ പ്രതിരോധ മന്ത്രി സ്ഥാനം വരെ വഹിച്ച മനോഹര്‍ പരീക്കര്‍ എന്ന മനുഷ്യന്‍ സ്വന്തം ജീവിതത്തിലെ ചില ഏടുകള്‍ വിവരിച്ചുകൊണ്ട് പലപ്പോഴും യുവാക്കള്‍ക്ക് പ്രചോദനമായിട്ടുണ്ട്. യുവതലമുറയെ എപ്രകാരമാണ് വളര്‍ത്തേണ്ടത് എന്നത് സംബന്ധിച്ച് സ്വന്തം ജീവിതത്തിലെ അനുഭവം വിവരിച്ച് ഒരിക്കല്‍ പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയാണ്…

‘ഗോവയിലെ പരാ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടാണ് ഞങ്ങള്‍ പരീക്കര്‍ എന്ന് വിളിക്കപ്പെടുന്നത്. തണ്ണിമത്തന് പ്രശസ്തമായ ഗ്രാമമാണത്. എന്റെ ചെറുപ്പത്തില്‍ എല്ലാ വര്‍ഷവും വിളവെടുപ്പ് കഴിഞ്ഞ് മേയ് മാസത്തില്‍ കര്‍ഷകര്‍ തണ്ണിമത്തന്‍ തീറ്റ മത്സരം സംഘടിപ്പിച്ചിരുന്നു. ആവശ്യമുള്ളത്രയും തണ്ണിമത്തന്‍ കഴിക്കുന്നതിനായി കുട്ടികളെയെല്ലാം സംഘാടകര്‍ ക്ഷണിച്ചിരുന്നു. ഞങ്ങളെല്ലാം സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് എന്‍ജിനീറിംഗ് പഠിക്കാന്‍ ഞാന്‍ മുബൈയിലേക്ക് പോയി. ആറര വര്‍ഷത്തിനുശേഷമാണ് ഞാന്‍ തിരിച്ചെത്തിയത്. ആ സമയത്ത് ഞാന്‍ വെറുതേ മാര്‍ക്കറ്റിലൂടെ കറങ്ങി തണ്ണിമത്തനെക്കുറിച്ചൊക്കെ അന്വേഷിച്ചു. പക്ഷേ തണ്ണിത്തന്‍ കച്ചവടമെല്ലാം മോശമായിരുന്നു. ഉള്ളതാവട്ടെ, തീരെ ചെറുതും.

ഞാന്‍ നേരെ, പണ്ട് തണ്ണിമത്തന്‍ മത്സരം സംഘടിപ്പിച്ചിരുന്ന ഒരു കര്‍ഷകന്റെ വീട്ടില്‍ ചെന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു അപ്പോള്‍ കൃഷിയെല്ലാം നടത്തിയിരുന്നത്. അദ്ദേഹവുമായി കുറച്ചുനേരം സംസാരിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. പണ്ട് തണ്ണിമത്തന്‍ തീറ്റ മത്സരം നടത്തിയിരുന്നപ്പോള്‍ ആ പഴയ കര്‍ഷകന്‍ ഞങ്ങളോട് അതിന്റെ കുരു കഴിക്കരുതെന്നും അത് ഒരു പാത്രത്തിലേയ്ക്ക് തുപ്പണമെന്നും ആവശ്യപ്പെട്ടിരുന്നു.

അടുത്ത തവണ കൃഷി ഇറക്കുന്നതിന് വേണ്ടിയായിരുന്നു അത് ശേഖരിച്ചിരുന്നത്. സത്യം പറഞ്ഞാല്‍ കൂലി തരാതെ ഞങ്ങളെക്കൊണ്ട്, വിത്ത് ശേഖരണം എന്ന ജോലി ചെയ്യിപ്പിക്കുകയായിരുന്നു. അദ്ദേഹം മത്സരത്തിനായി കൊണ്ടു വന്നിരുന്നത് അദ്ദേഹത്തിന്റെ ആ വര്‍ഷത്തെ വിളവിലെ ഏറ്റവും മുഴുത്ത തണ്ണിമത്തനുകളായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് ലഭിക്കുന്ന കുരു നട്ട്, അടുത്ത വര്‍ഷം അതിലും മികച്ച ഫലം അദ്ദേഹം വിളയിച്ചിരുന്നു.

എന്നാല്‍ മകന്‍ കൃഷി ഏറ്റെടുത്തപ്പോള്‍ ഏറ്റവും മുഴുത്ത തണ്ണിമത്തനുകള്‍ വിറ്റ് കാശാക്കുകയും ഏറ്റവും മോശമായത് മത്സരത്തിന് കൊണ്ടുവന്ന് അതില്‍ നിന്ന് ലഭിക്കുന്ന മോശം കുരു വിതയ്ക്കുകയും ചെയ്തുപോന്നു. അതുകൊണ്ട് തന്നെ ഓരോ തവണയും തണ്ണിമത്തന്‍ മോശമാവുകയും ചെയ്തു. ഏഴ് വര്‍ഷംകൊണ്ട് തണ്ണിമത്തനുകള്‍ പൂര്‍ണമായും ഗ്രാമത്തില്‍ നിന്ന് ഇല്ലാതായി.

തണ്ണിത്തനുകളുടെ ഫലം ഒരു വര്‍ഷംകൊണ്ട് ലഭിക്കും. എന്നാല്‍ മനുഷ്യരുടെ കാര്യത്തില്‍ 25 വര്‍ഷമെടുക്കും ഒരു തലമുറ മാറാന്‍. വീണ്ടും 200 വര്‍ഷമെങ്കിലും എടുക്കും, നമ്മുടെ മക്കളെ പഠിപ്പിച്ചതിലെ പാകപ്പിഴകളെക്കുറിച്ച് സമൂഹം ബോധവാന്മാരാകാന്‍. അതായത് പുതിയ തലമുറയെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു’.

സമാനമായ പല ഉദാഹരണങ്ങളിലൂടെയും ഒരു ജനതയെ പ്രചോദിപ്പിച്ച ശേഷമാണ് മനോഹര്‍ പരീക്കര്‍ എന്ന വലിയ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നത്.

Related posts