പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ വിവാദം അവസാനിക്കുന്നില്ല; ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി; ഇത്തവണ ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്…

ഹൈദരാബാദ്:ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി ഗാനരംഗത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ലോകമാകെ വൈറലായ ഗാനരംഗത്തില്‍ നടി പ്രിയ വാര്യരുടെ കണ്ണിറുക്കലിന് എതിരെ വീണ്ടും ഹൈദരാബാദില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനിടെ, പ്രിയ വാര്യര്‍ കണ്ണിറുക്കുന്ന രംഗം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളായ രണ്ട് പേര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്.

ഗാനം നിരോധിക്കണമെന്നും സിനിമ വിലക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഇതേ വിഷയത്തില്‍ നേരത്തെ ഹൈദരാബാദില്‍ നിന്ന് മുസ്ലിം മത സംഘടനകള്‍ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാലിത് വിജയം കണ്ടിരുന്നില്ല. പ്രവാചകന്‍ മുഹമ്മദിനെയും ഭാര്യയായിരുന്ന ഖദീജ ബീവിയെയും വാഴ്ത്താന്‍ ഉദ്ദേശിച്ചുളളതാണ് ഗാനമെന്ന് പറഞ്ഞ ഹര്‍ജിക്കാര്‍, ഗാനരംഗങ്ങള്‍ ഇതിന് വിരുദ്ധമാണെന്ന് ആരോപിച്ചു.

നേരത്തേ കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനം പിന്‍വലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് സംവിധായകന്‍ പിന്മാറുകയായിരുന്നു. ഈ സംഭവത്തില്‍ ഹൈദരാബാദ് ഫലഖ്നമ പൊലീസ് 295 എ വകുപ്പ് അനുസരിച്ച് ഒമര്‍ ലുലുവിന് എതിരെ കേസെടുത്തിരുന്നു. എന്തായാലും പാട്ട് വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

 

 

Related posts