ഞാനും ഗ്ലാമറും! നായികയാകുന്നത് റിസ്‌കാണ്; ഗ്ലാമറും ശരീരപ്രദര്‍ശനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്; മഞ്ജിമ മോഹന്‍ മനസുതുറക്കുന്നു

ഷിജീഷ് യു.കെ

ദൗര്‍ഭാഗ്യത്തിന്റെ ദിനങ്ങള്‍ക്കു വിട. മഞ്ജിമ മോഹന്‍ ഇപ്പോള്‍ ഭാഗ്യകാലത്തിലൂടെ സഞ്ചരിക്കുകയാണ്. ഏറെ പ്രതീക്ഷകളില്ലാതെയെത്തി വന്‍ വിജയം കൊയ്ത ദേവരാട്ടം എന്ന തമിഴ് ചിത്രത്തിലെ ഹിറ്റു നായികയുടെ പരിവേഷം നില്‍ക്കുമ്പോളാണ് ക്യൂനിന്റെ മലയാളം വേര്‍ഷന്‍ സംസമിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ മഞ്ജിമയുടെ അഡാര്‍ പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചുകളഞ്ഞു.

ഒരു വടക്കന്‍ സെല്‍ഫിക്കും മിഖായേലിനുംശേഷം മലയാളത്തില്‍ സംസവുമായെത്തുന്ന മഞ്ജിമയ്ക്ക് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളേറെ. തെലുങ്കിലും തമിഴിലും ബിസിയായി അഭിനയിക്കുമ്പോഴും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സമ്മാനിച്ച മലയാളസിനിമയില്‍ നിറയെ അവസരങ്ങളാണ് മഞ്ജിമ മോഹന്‍ ആഗ്രഹിക്കുന്നത്.

എനിക്കു സംഭവിച്ചത്

അച്ചമെന്നത് മടമയ്യടാ ഏറെ പ്രതീക്ഷയുള്ള ചലച്ചിത്രമായിരുന്നു. സ്‌ട്രോംഗായ കഥാപാത്രം. ഗൗതം വാസുദേവമേനോന്‍ സാറിന്റെ സംവിധാനം, നല്ല പാട്ടുകള്‍.. എന്തുകൊണ്ടും ഒരു ടേണിംഗ് പോയിന്റ് ആയിരിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു. പക്ഷേ, എന്റെ കരിയറില്‍ അദ്ഭുതങ്ങളൊന്നും ആ ചിത്രം കൊണ്ടുവന്നില്ല. തുടര്‍ന്നു മുന്നു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മൂന്നു സിനിമകളും പാതിയില്‍ മുടങ്ങി.

നിര്‍മാതാവിന്റെ കൈയിലെ കാശു തീര്‍ന്നതോ സംവിധായകന്‍ ഇടയ്ക്കുവച്ച് വേറെ ചിത്രങ്ങളുമായി കമ്മിറ്റഡ് ആയതോ ആവാം ആ സിനിമകള്‍ മുടങ്ങാനുള്ള കാരണങ്ങള്‍. മഞ്ജിമയെ ഇപ്പോള്‍ സ്‌ക്രീനില്‍ കാണാറില്ലല്ലോ എന്നു മീഡിയ ചോദിക്കുമ്പോള്‍ ഈ കാര്യം ഇതുവരെ പറഞ്ഞിരുന്നില്ല.

എന്റെ ദൗര്‍ഭാഗ്യം. അതാവാം അഭിനയിച്ച മൂന്നു ചിത്രങ്ങളും മുടങ്ങിപ്പോയത്. പക്ഷേ, ഇപ്പോള്‍ സമയം മാറിയതുപോലെ തോന്നുന്നു. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ഒരേപോലെ അവസരങ്ങല്‍ വന്നുകൊണ്ടിരിക്കുന്നു.

ഞാന്‍ കാത്തിരിക്കുന്നു

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നു പലരും ചോദിക്കുന്നുണ്ട്. നല്ല ബാനര്‍, മുന്തിയ നടന്‍മാര്‍, പേരെടുത്ത സംവിധായകര്‍ എന്നീ ഘടകങ്ങളെക്കാളും പ്രാധാന്യം നല്‍കുന്നത് എന്റെ കഥാപാത്രത്തിനാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണിഷ്ടം. ചില സിനിമകള്‍ കച്ചവടവിജയം മാത്രം ലക്ഷ്യംവയ്ക്കുന്നവയാകും.

ചില ചിത്രങ്ങള്‍ വിജയപരാജയങ്ങള്‍ക്കുപരി കലാമൂല്യത്തിനു പ്രാധാന്യം നല്‍കുന്നവയാവും. ഈ രണ്ടു ടൈപ്പ് ചിത്രങ്ങളില്‍ അഭിനയിക്കാനും ഞാന്‍ തയാറാണ്. കാലമെത്ര കഴിഞ്ഞാലും മഞ്ജിമ മോഹന്‍ എന്നൊരു നടി കുറച്ചുകാലം സൗത്തിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു, അവരുടെ കഥാപാത്രം ഗംഭീരമായിരുന്നു എന്ന് പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ആ അര്‍ഥത്തില്‍ അച്ചമെന്നത് മടമയ്യടാ എന്ന സിനിമയിലെ ലീല എന്ന കഥാപാത്രം എനിക്ക് ഏറെ സംതൃപ്തി നല്‍കിയിട്ടുണ്ട്. അത്രയും പവര്‍ഫുള്‍ ആയിരുന്നു ആ നാള്‍.

ഞാന്‍ മത്സരിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്- മൂന്നു ഭാഷകളില്‍ അഭിനയിക്കുന്നു. ഈ മൂന്ന് ഇന്‍ഡസ്ട്രിയിലും നായികനിരയില്‍ കടുത്ത മത്സരമാണു നടക്കുന്നത്. ഓരോ വെള്ളിയാഴ്ചയും ഓരോ പുതിയ നായിക സ്‌ക്രീനിലെത്തുന്നു. പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരു പുതുമ അവളുടെ അഭിനയത്തില്‍ ഉണ്ടെങ്കില്‍ അവര്‍ അങ്ങോട്ടു ചായും. വടക്കന്‍ സെല്‍ഫിയിലൂടെ ഞാന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒരു ഡസനിലധികം നായികമാര്‍ ഇവിടെ കത്തിനില്‍ക്കുന്നുണ്ട്. എന്റെ വരവിനുശേഷം പിന്നെയും പിന്നെയും പുതുമുഖ നായികമാര്‍ വന്നുകൊണ്ടിരുന്നു.

അപ്പോള്‍ അവരുമായി മത്സരിക്കേണ്ടത് അനിവാര്യമാണ്. അഭിനയത്തിലും തെരഞ്ഞെടുപ്പിലും കോസ്റ്റ്യൂമില്‍പ്പോലും നമ്മള്‍ വെറൈറ്റി കൊണ്ടുവരാന്‍ ശ്രമിക്കണം. മത്സരമില്ലാതെ ഈ ഫീല്‍ഡില്‍ നിലനില്‍പ്പില്ല. പിന്നെ എനിക്കു കിട്ടിയ ഒരു ഭാഗ്യം മികച്ച പാട്ടുകളാണ്. മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും എന്റെ ആദ്യ സിനിമകളില്‍ മികച്ച ഗാനങ്ങളുണ്ടായിരുന്നു. ആ പാട്ടുകളിലെ സാന്നിധ്യം മഞ്ജിമ മോഹന്‍ എന്ന നടിയെ എളുപ്പത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൂപരിചിതയാക്കി.

എന്റെ ബാല്യകാലാനുഭവങ്ങള്‍

കളിയൂഞ്ഞാലാണ് ബാലതാരമായി അഭിനയിച്ച ആദ്യചിത്രം. 2000-ല്‍ പ്രിയം ഇറങ്ങിയതോടെ ആരാധകര്‍കൂടി. ബാലതാരമായി അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ചെറിയ ഡയലോഗാവും മിക്കവാറും ഉണ്ടാവുക. സംവിധായകര്‍ സ്റ്റാര്‍ട്ട് പറയുമ്പോള്‍ എഞ്ചുവടി ചൊല്ലുന്നതുപോലെ അതങ്ങുപറഞ്ഞാല്‍ മതി.

വലിയ ഭാവാഭിനയത്തിനൊന്നും പോകേണ്ട കാര്യമില്ല. പക്ഷേ, നായികയായപ്പോള്‍ കഥ മാറി. നീളന്‍ ഡയലോഗ് ഒറ്റത്തവണയായി പറഞ്ഞുപോണം. മേക്കപ്, കോസ്റ്റ്യൂം എല്ലാത്തിലും കെയര്‍ഫുള്‍ ആയിരിക്കണം. എല്ലാത്തിനുംമേലേ സിനിമയുടെ വിജയപരാജയങ്ങള്‍ ഓര്‍ത്തുള്ള ടെന്‍ഷന്‍. നായികയായി അഭിനയിക്കുന്നതു ശരിക്കും റിസ്‌ക് ആണ്.

ഞാനും ഗ്ലാമറും

ഇതുവരെ ഒരു സിനിമയിലും എക്‌സ്‌പോസ് ചെയ്ത് അഭിനയിക്കേണ്ടിവന്നിട്ടില്ല. ഗ്ലാമര്‍ എന്നതു വളരെ സുന്ദരമായ വാക്കാണ്. സാരി ധരിച്ചാല്‍പോലും ചിലപ്പോള്‍ വല്ലാതെ ഗ്ലാമറസ് ആയി തോന്നും. സിനിമയില്‍ ഗ്ലാമര്‍ എന്നതു സബ്ജക്ടിനെ ആശ്രയിച്ചു നില്‍ക്കുന്ന സംഗതിയാണ്. ഗ്ലാമറും ശരീരപ്രദര്‍ശനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കഥാഗതിയുമായി ഒരു ബന്ധവുമില്ലാത്ത സീനാണ്, പ്രേക്ഷകശ്രദ്ധ കിട്ടാന്‍വേണ്ടി മാത്രം നായികയെ ഗ്ലാമര്‍ ഡ്രസ്സണിയിച്ചുനിര്‍ത്തുന്നു എന്നുണ്ടെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്നുവയ്ക്കും. ഗ്ലാമറും ആഭാസവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ഒരു അഭിനേത്രി ഈ വിഷയത്തില്‍ തലപുകഞ്ഞു തീരുമാനങ്ങളെടുക്കേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്.

എന്റെ വ്യായാമവും ഭക്ഷണക്രമവും

തിരിഞ്ഞുകടിക്കാത്തത് എന്തിനെയും അകത്താക്കുന്ന ശീലക്കാരിയായിരുന്നു ഞാന്‍. വണ്ണം കൂടുന്നതൊന്നും അറിഞ്ഞതേയില്ല. അടുത്തയിടെയാണു വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയത്. ആറു മാസത്തിനുള്ളില്‍ ശരീരഭാരം നന്നായി കുറയുമെന്നു പ്രതീക്ഷിക്കുന്നു.

നടി ഐശ്വര്യ രാജേഷ് കഴിഞ്ഞ മാസം ഷൈനി എന്നൊരു ഡയറ്റീഷ്യനെ പരിചയപ്പെടുത്തിത്തന്നു. അവര്‍ എനിക്ക് ഒരു ഡയറ്റ് ചാര്‍ട്ട് കുറിച്ചുതന്നിട്ടുണ്ട്. ആഹാരരീതി അതനുസരിച്ചാക്കി. ഇപ്പോള്‍ നല്ല ചേഞ്ച് എനിക്കുതന്നെ ഫീല്‍ ചെയ്യുന്നു. ഒരു അഭിനേത്രിയുടെ ഏറ്റവും വലിയ സമ്പത്ത് അവളുടെ ശരീരമാണ്. ഞാന്‍ അതറിയാന്‍ കുറച്ചു വൈകിപ്പോയി എന്നു മാത്രം.

എന്റെ പ്ലസും മൈനസും

ഞാന്‍ ഒരു നടിയാണെന്ന് ഇപ്പോഴും എനിക്കു തോന്നിയിട്ടില്ല. ഒരു നാട്ടിന്‍പുറത്തുകാരി എങ്ങനെയാണോ അതുപോലെയാണ് ഇപ്പോഴും എന്റെ പെരുമാറ്റം. സുഹൃത്തുക്കള്‍ എപ്പോഴും പറയും- മഞ്ജിമാ, നീ നിവിന്‍പോളിയുടെകൂടെ രണ്ടു ചിത്രങ്ങള്‍ ചെയ്ത നായികയാണ്, ഇത്തിരി ഹെഡ്‌വെയ്റ്റിട്ട് സംസാരിക്ക് എന്നൊക്കെ.

പക്ഷേ, എന്തോ എനിക്കതിനു കഴിയാറില്ല. എന്റെ കാരക്ടര്‍ എന്റെ പ്ലസ് പോയിന്റ് ആയി ഞാന്‍ കരുതുന്നു. ഞാന്‍ വളരെ സ്വീറ്റായാണ് സീരിയസ് കാര്യങ്ങള്‍പോലും പറയുക. പക്ഷേ, സ്വീറ്റായി പറയുന്നതുകാരണം വീട്ടിലോ ഫ്രണ്ട്‌സിനിടയിലോ അര്‍ഹിക്കുന്ന ഗൗരവം അവയ്ക്കു കിട്ടാറില്ല. ഇതു വേണമെങ്കില്‍ മൈനസ് ആയി പറയാം.

എന്റെ നോട്ടത്തില്‍ ചിമ്പു

അച്ചമെന്നത് മടമയ്യടാ എന്ന സിനിമയില്‍ ചിമ്പുവാണ് എന്റെ ഭര്‍ത്താവ് രജനികാന്തായി അഭിനയിച്ചത്. നല്ല നടനാണ് ചിമ്പു. ഒപ്പം നല്ല മനുഷ്യനും. സിനിമയുടെ ഷൂട്ടിംഗിനിടയില്‍ സ്വന്തം സഹോദരനോടു തോന്നുന്നത്ര അടുപ്പം എനിക്കു ഫീല്‍ ചെയ്തു. നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ അദ്ദേഹത്തോടൊപ്പം നൂറു ചിത്രങ്ങളില്‍ അഭിനയിക്കാനും ഞാന്‍ റെഡി.

Related posts