ചെന്നൈയിലെ ജി 18

ജോസി ജോസഫ്
Sasikala1
ഫെബ്രുവരി ഏഴ്. തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം  എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ച് തമിഴ് രാഷ്ട്രീയത്തിന്‍റെ  ദിശമാറ്റിയ ദിവസം. അന്ന് പനീര്‍ശെല്‍വം മറീനാബിച്ചില്‍  മുന്‍മുഖ്യമന്ത്രി ലളിതയുടെ കല്ലറയ്ക്ക് സമീപം ധ്യാനമിരുന്നശേഷം തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതായും താന്‍ രാജി പിന്‍വലിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പനീര്‍ശെല്‍വം  സംസാരിച്ചുകൊണ്ടിരിക്കെ അതിനു സാക്ഷികളായ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരു ശബ്ദമുയര്‍ന്നു ” ജീ എറ്റീനുടെ കഥൈ മുടിഞ്ചാച്ച്’. ഈ പ്രഖ്യാപനം ഒരാളുടെ മാത്രമായിരുന്നില്ല. തമിഴ് രാഷ്ട്രീയ മാറ്റങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന തമിഴ് ജനത്തിന്‍റേതായിരുന്നു.

ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധവും മന്നാര്‍ഗുഡി മാഫിയ അഥവാ ജി 18 എന്നറിയപ്പെട്ടിരുന്ന ശശികലയുടെ ബന്ധുക്കളുടെ നീക്കങ്ങളും അറിയാത്ത തമിഴര്‍ ഇല്ല. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ ഇതെല്ലാം അറിയാമായിരുന്നിട്ടും പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ചു. കാരണം ചിലരെയൊക്കെ പിണക്കി പാര്‍ട്ടിയില്‍ തുടരാനാവില്ല എന്നതുതന്നെ.     ജയലളിത മരിച്ച ദിവസം രാജാജി ഹാളില്‍ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ സ്വന്തക്കാര്‍ക്കും എംഎല്‍എ മാര്‍ക്കുപോലും നില്‍ക്കാന്‍ അനുവാദമില്ലാതിരുന്ന മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചിരുന്നത് ശശികലയുടെ അടുത്ത അനുയായികളായിരുന്നു. ഈ ദൃശ്യം നേരിട്ടും ടിവിയിലുമൊക്കെ കണ്ടവരെല്ലാം മന്നാര്‍ഗുഡി മാഫിയ വേരോട്ടം ശക്തമാക്കുകയാണെന്നും അധികാരം താമസിയാതെ ശശികല പിടിച്ചെടുക്കുമെന്നും പിറുപിറുത്തു . തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ജനത്തിന്‍റെ ഈ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു.

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു മുതല്‍ ആശുപത്രിക്ക് കനത്ത സുരക്ഷയായിരുന്നു ഉണ്ടായിരുന്നത്. ആരെയും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല. ജയലളിതയുടെ സഹോദരന്‍റെ പുത്രി ദീപയ്ക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാല്‍ മന്നാര്‍ഗുഡി മാഫിയ എന്നപേരില്‍ അറിയപ്പെട്ടിരുന്ന പലരും ആശുപത്രിയില്‍ യഥേഷ്ടം കറങ്ങി നടന്നു. എന്താണ് ഇതിന്‍റെ രഹസ്യം എന്ന് തമിഴര്‍മാത്രമല്ല, ഇക്കാര്യം കണ്ടും വായിച്ചും അറിഞ്ഞവരെല്ലാം ചോദിച്ചുതുടങ്ങി. എന്നിട്ടും ആ രഹസ്യം മറനീക്കി പുറത്തുവന്നില്ല.

നിലവിലുള്ള നിയമം അനുസരിച്ച് ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ രോഗനില സംബന്ധിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കണം. രോഗം സംബന്ധിച്ച് രഹസ്യസ്വഭാവം സൂക്ഷിക്കണമെങ്കില്‍ അതും രോഗിയുടെ അടുത്ത ബന്ധുക്കള്‍ ആവശ്യപ്പെടണം. മരിച്ചാല്‍ അടുത്ത ബന്ധു എത്തുന്നതുവരെ കാത്തിരിക്കുകയും അതുവരെ മൃതദേഹം സൂക്ഷിക്കുകയും ചെയ്യണം. ജയലളിതയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. അടുത്ത ബന്ധു  ദീപയെ ആശുപത്രിക്കടുത്തേക്ക് പോലും പ്രവേശിപ്പിച്ചില്ല. സാധാരണഗതിയില്‍ പ്രമുഖരുടെ രോഗവിവരം സംബന്ധിച്ച്   ആവശ്യമുള്ളപ്പോഴെല്ലാം ബുള്ളറ്റിനുകള്‍ ആശുപത്രി അധികൃതര്‍ ഇറക്കുമെങ്കിലും ജയയുടെ കാര്യത്തില്‍ അപ്പപ്പോള്‍ അതുണ്ടായില്ല. അതായത് കാര്യങ്ങള്‍ നിയന്ത്രിച്ചതും രഹസ്യസ്വഭാവം സൂക്ഷിച്ചതും ചില കേന്ദ്രങ്ങളുടെ നിര്‍ദേശ പ്രകാരമായിരുന്നു. പൊതുജനത്തിന്‍റെ ചര്‍ച്ചാവിഷയവും ഇതായിരുന്നു. ഒപ്പം അവര്‍ മുറുമുറുത്തു, മന്നാര്‍ഗുഡി മാഫിയയാണ് പിന്നില്‍. ഇവരില്‍ നിന്നു തമിഴ്‌നാടിന് രക്ഷയില്ല.

2011 ഡിസംബര്‍ 17 ജയലളിതയും ശശികലയും തമ്മില്‍ തെറ്റിയ ദിവസമായിരുന്നു. അന്നാണ്  ശശികലയെയും അടുപ്പക്കാരില്‍ 13 പേരെയും പാര്‍ട്ടിയില്‍നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയത്. പക്ഷെ മാര്‍ച്ചുമാസം അവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. തന്‍റെ സഹോദരി മാപ്പപേക്ഷ എഴുതിത്തന്നതിനാലാണ് അവരെ തിരിച്ചെടുത്തത് എന്നായിരുന്നു ജയലളിതയുടെ വിശദീകരണം.
അന്ന് എടുത്ത ഫോട്ടോയില്‍ അതുവരെ പോയസ്ഗാര്‍ഡനിലോ ജയലളിതയുടെ മുന്പിലോ എത്താന്‍ ധൈര്യപ്പടാതിരുന്ന, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ ഭര്‍ത്താവ് നടരാജനും  ഉണ്ടായിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളേക്കാളുപരി,  ശശികലയും ബന്ധുക്കളും ചേര്‍ന്ന് ജയലളിതയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായുള്ള സൂചനകളാണ് അന്നത്തെ പുറത്താക്കലിനു കാരണമത്രേ. പുറത്താക്കല്‍ നടപടിക്കുമുന്പ് ചില കേന്ദ്രങ്ങളില്‍നിന്ന്  തന്നോടടുത്ത ചിലര്‍  അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ജയലളിതയ്ക്ക് അറിവുലഭിച്ചിരുന്നു. മാത്രമല്ല അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതേത്തുടര്‍ന്ന് ശശികല അറിയാതെ രഹസ്യമായ ഒരു ആരോഗ്യ പരിശോധനയ്ക്ക് ജയലളിത വിധേയയായി. പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നുവത്രേ. രക്തത്തില്‍ മാരകമായ വിഷാംശമാണ് ഉണ്ടായിരുന്നത്.
Sasikala2
എന്നിട്ടും ശശികലയെയും സംഘത്തെയും തിരിച്ചെടുത്തത് അനധികൃതസ്വത്ത് സന്പാദനക്കേസില്‍ ശശികല തനിക്കെതിരേ മാപ്പുസാക്ഷിയായേക്കുമോ എന്നു ഭയന്നാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.  തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപണ വിധേയരായവരെ ജയലളിത തിരിച്ചെടുത്തതിനു പിന്നില്‍ ചിലരുടെ ബ്‌ളാക്ക്‌മെയിലിംഗ്  അല്ലാതെ മറ്റൊന്നുമല്ല എന്നാണ് ജനവിശ്വാസം.ഏറെ ദുരൂഹതകള്‍ ബാക്കിയാക്കി ജയലളിത ഇപ്പോള്‍ മരിച്ചതിനേക്കാള്‍ ഭേദമായേനെ ജയില്‍ വരിച്ചിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ചെന്നൈയിലെ സംസാരം.

ശശികല, ഭര്‍ത്താവ് നടരാജന്‍, ശശികലയുടെ സഹോദരന്‍ ദിവാകരന്‍, സഹോദരി വനിതാമണിയുടെ മക്കളായ ടിടി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ദിനകരന്‍, സുധാകരന്‍, ഭാസ്കരന്‍, പരേതനായ സഹോദരന്‍ ജയരാമന്‍റെ ഭാര്യ ഇളവരശി, മറ്റൊരു സഹോദരന്‍  ടി.വി മഹാദേവന്‍, പരേതനായ സഹോദരന്‍ വിനോദകന്‍റെ മകന്‍ ടി.വി മഹാദേവന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ശക്തമായ ഒരു മാഫിയയാണ് തമിഴ്‌നാട് ഭരണം നിയന്ത്രിച്ചിരുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.  ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് തമിഴ്‌നാട്ടില്‍ പരക്കുന്ന വാര്‍ത്തകള്‍. അത്താഴപ്പട്ടിണിക്കാരായിരുന്ന മന്നാര്‍ഗുഡി കുടുംബാംഗങ്ങള്‍  ഇന്ന് കോടീശ്വരന്മാരായത് ഇതിനുള്ള തെളിവാണെന്ന് തമിഴ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ശശികലയോടൊപ്പം പോയസ്ഗാര്‍ഡനിലേക്ക് വെറുംകൈയോടെ എത്തിയവര്‍ ഇന്ന് ആഡംബരജീവിതമാണ് നയിക്കുന്നത്. ഇവരുടെ ആസ്ഥിയും ജീവിതവും സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍ ആരുടേയും കണ്ണുതള്ളിക്കുന്നതാണ് അതേക്കുറിച്ച് നാളെ.

Related posts