കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ ഏവണ്ണൂര്‍ പടിഞ്ഞാറത്തറ വീട്ടില്‍ മനോജി (31)നെ എടിഎസ് വിശദമായി ചോദ്യം ചെയ്യുന്നു.
ഇയാളെ ആറു ദിവസത്തേക്കാണ് എടിഎസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മാവോയിസ്റ്റ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണെന്ന കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ബ്രഹ്മപുരത്തുനിന്ന് സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായി പണം വാങ്ങി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
അതോടൊപ്പം തന്നെ പ്രതി ഉള്‍പ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇയാളുമായുള്ള തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടത്. പ്രതിയുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ എടിഎസ് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്ന് മനോജ് കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ട കോടതി പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മനോജിനെ, ഈ മാസം 26 വരെ എടിഎസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്ളയാളാണ് മനോജ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വ്യാഴാഴ്ച്ചയായിരുന്നു മനോജിനെ എടിഎസ് പിടികൂടിയത്. കണ്ണൂര്‍, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനീദളം എന്ന മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണ് മനോജെന്ന് എടിഎസ് കണ്ടെത്തിയിരുന്നു.
വിദ്യഭ്യാസകാലഘട്ടത്തില്‍ ഇടത് അനുഭാവിയായിരുന്ന മനോജ് എന്‍ജിനിയറിംഗിന് പഠിക്കുമ്പോഴാണ് മാവോയിസ്റ്റ് അനുഭാവികളുമായി അടുക്കുന്നതും തീവ്ര ആശയത്തിലേക്ക് വഴിതിരിയുന്നതും.
2022ലാണ് മനോജ് കാടുകയറുന്നത്. 2023 മുതല്‍ കാണാതായ ഇയാള്‍ മാവോയിസ്റ്റ് സംഘത്തോടൊപ്പമാണെന്ന് എടിഎസ് സംശയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. 14 യുഎപിഎ കേസുകളില്‍ പ്രതിയാണ് മനോജ്.