പെരിഞ്ഞനം: പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ വ്യാപാരിയെ എസ്ഐ മർദിച്ചതായി പരാതി. കയ്പമംഗലം ചളിങ്ങാട് കരിപ്പാക്കുളം വീട്ടിൽ സാലിഹിനെയാണ് (31) കയ്പമംഗലം എസ്ഐ മർദിച്ചതായി പരാതി നൽകിയത്. പരാതി നൽകാനായി സ്റ്റേഷനിൽ ചെന്നപ്പോൾ മർദിച്ചുവെന്നാണ് ആരോപണം.
പരിക്കേറ്റ ഇയാളെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മൂന്നുപീടികയിൽ ഫലവർഗങ്ങൾ കച്ചവടം നടത്തുന്നയാളാണ് സാലിഹ്. സമീപത്തു പെട്ടി ഓട്ടോയിൽ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നയാൾക്കെതിരെ രണ്ട് ദിവസം മുന്പ് സാലിഹ് പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇരുകൂട്ടരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എതിർ കക്ഷിയുടെ മുന്നിൽ വെച്ച് എസ്ഐ മർദിക്കുകയായിരുന്നെന്ന് സാലിഹ് ആരോപിച്ചു. ഇതേ സമയം ഇയാളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യാപാരം സംബന്ധിച്ച പരാതിഒത്തുതീർപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് എസ്എ പറഞ്ഞു.