വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം വളരെ പവിത്രമാണെന്നാണ് ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നത്. മാതാപിതാക്കൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ ബഹുമാനിക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ് എന്ന് ബോധം ചെറിയ ക്ലാസ് മുതൽ നമുക്ക് ഉണ്ട്.
അതുപോലെ തന്നെ സ്വന്തം മക്കളെപ്പോലെ വേണം എല്ലാ അധ്യാപകരും അവരുടെ വിദ്യാർഥികളെ പരിഗണിക്കേണ്ടതെന്നും പറയാറുണ്ട്. ഇപ്പോഴിതാ ഒരു അധ്യാപിക തന്റെ വിദ്യാർഥിയെക്കൊണ്ട് അവരുടെ കാല് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭോപ്പാലിലെ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഒരു അധ്യാപിക ക്ലാസിനു നടുവിൽ കസേരയിൽ ഇരിക്കുന്നത് കാണാം. കുട്ടികളെല്ലാവരും നിലത്താണ് ഇരിക്കുന്നത്. ആ ക്ലാസിലെ എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനുള്ള മതിയായ ബഞ്ചോ ഡസ്കോ ക്ലാസിൽ ഇല്ലന്നും വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
അധ്യാപികയ്ക്ക് മുൻപിൽ ഇരിക്കുന്നത് എല്ലാവരും ചെറിയ കുട്ടികളാണ്. അതിലൊരു ആൺകുട്ടിയെക്കൊണ്ടാണ് അധ്യാപിക കാല് മസാജ് ചെയ്യുന്നത്. എന്നാൽ ഈ സംഭവം അപ്പുറത്ത് നിന്നും കാമറയിൽ പകർത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ അധ്യാപിക അവരുടെ കാല് പെട്ടെന്ന് പിൻവലിച്ചു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അധ്യാപികയിൽ നിന്നും ഇത്തരമൊരു അടിമപ്പണി കുഞ്ഞുങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുമെന്ന് കരുതിയില്ലന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.