ഒരു മലയാളചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. 2017ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്.
ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് ഒരുക്കിയ ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരൻ സി.എച്ച്.മുഹമ്മദാണ് മാസ്റ്റർപീസ് എന്ന ചിത്രം നിർമ്മിച്ചത്.
നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഫോർ സീസണും റോയൽ സിനിമാസും ഒപ്പുവെച്ചു. ചിത്രം അറബിയിലേക്ക് മൊഴിമാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
മുകേഷ്, ഉണ്ണി മുകുന്ദൻ, ക്യാപ്റ്റൻ രാജു, വരലക്ഷ്മി, ലെന, പാഷാണം ഷാജി, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്,ഗോകുൽ സുരേഷ് ഗോപി, മഖ്ബൂൽ സൽമാൻ, പൂനം ബജ്വ, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.