കോന്നി: മത്തിക്കാണ് ഡിമാൻഡ്. വിപണിയിൽ മത്തിക്കു ക്ഷാമമായതോടെ വില കുത്തനെ ഉയർന്നു. കിലോഗ്രാമിന് 300 രൂപയ്ക്കാണ് ഇന്നലെ കോന്നിയിൽ വില്പന.
120 രൂപയ്ക്കു ഒരു കിലോ മത്തി ലഭിച്ചിരുന്ന സ്ഥലത്തു ഇന്ന് 300 രൂപയാണ് വില. കടല്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മീനാണ് മത്തി. പൊടി മത്തി കിട്ടാനുമില്ല. കഴിഞ്ഞ ദിവസം 280 രൂപയായിരുന്നു വില.
കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് വലിയ ക്ഷാമം നേരിട്ടതോടെ ചെറുകിട മത്സ്യ വ്യാപാരികളാണ് വിഷമിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചത്.
എല്‍നിനോ പ്രതിഭാസത്തിനുശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കുറവുണ്ടാകുമെന്നുള്ള പ്രവചനം നേരത്തെ ഉണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനവും മത്സ്യബന്ധന രീതിയില്‍ വന്ന മാറ്റങ്ങളുമാണ് മത്സ്യ ലഭ്യതയില്‍ കുറവുണ്ടാക്കിയത്.
അശാസ്ത്രീയമായ മത്സ്യ ബന്ധനം മൂലം ചെറിയ മത്തികള്‍ പോലും വലയിലാകുന്നു. പ്രായം തികഞ്ഞു മുട്ട ഇട്ടു പെരുകാനുള്ള സമയം ലഭിക്കുന്നില്ല.
പ്രധാന മത്സ്യ ഇനമായ മത്തിയെ കൂട്ടത്തോടെ പിടിക്കുന്നതിനാല്‍ മുട്ട ഇട്ടു പെരുകല്‍ നടക്കുന്നില്ല. ചെറിയ ഇനം മീനുകളുടെ ക്ഷാമം മത്സ്യവിപണന മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.