പന്തളം: എംഡിഎംഎ പിടിച്ചെടുത്തതിനു പന്തളം പോലീസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റുംവിളയില് കെ. ജയകുമാറാണു (44) പിടിയിലായത്.
രഹസ്യവിവരത്തേതുടര്‍ന്ന് കഴിഞ്ഞദിവസം ബംഗളുരുവില്‍ നിന്നു ബസില്‍ എംഡിഎംഎയുമായി വന്ന യുവാവിനെ പിടികൂടിയ കേസില്‍ രണ്ടാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ 36.55 ഗ്രാം എംഡിഎംഎയും 8 ചെറിയ സിറിഞ്ചുകളും പിടിച്ചെടുത്തിരുന്നു.
പന്തളം എസ്ഐ വിനോദ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടാം പ്രതിയായ ജയകുമാര്‍ അറസ്റ്റിലായത്. ഒന്നാം പ്രതി ബ്രില്ലി മാത്യുവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധിതവണ ഒന്നാംപ്രതിയെ വിളിച്ചതായും വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബാങ്ക് ഇടപാടുകളും പോലീസ് സംഘം വിശദമായി പരിശോധിച്ചു. രാസലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ജയകുമാറിന്റെ ഓച്ചിറ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്ന് പലതവണ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തി.
ബ്രില്ലി മാത്യു ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ദിവസം ഇരുവരും തമ്മില്‍ പലതവണ ബാങ്ക് ഇടപാട് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനു സാമ്പത്തിക സഹായം നല്‍കുകയും കൂട്ടാളിയായി പ്രവര്‍ത്തിക്കുകയും ചെയ്തതു വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ജയകുമാറിനെ പിടി കൂടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ലഹരിവസ്തുക്കളുടെ കണക്കുകള്‍ സംബന്ധിച്ചും രേഖപ്പെടുത്തിയ ഡയറികളും ലഹരിവസ്തുക്കള്‍ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവ വിതരണം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സിപ് അപ്പ് കവറുകളും മൊബൈല്‍ ഫോണും ലഹരിപദാര്‍ഥം കോരിയെടുക്കാനുള്ള ചെറിയ പ്ലാസ്റ്റിക് സ്പൂണുകളും പോലീസ് സംഘം പിടിച്ചെടുത്തു.