പതിവായി ഇറച്ചിക്കറി മോഷ്ടിക്കുന്ന കള്ളനെ പേടിച്ച് കള്ളുഷാപ്പുകാര്‍ ! ഷാപ്പില്‍ കയറിയാല്‍ ബീഡി, സിഗരറ്റ് എന്നു വേണ്ട കൈയ്യില്‍ കിട്ടുന്നതെന്തും പൊക്കും; വിചിത്ര സ്വഭാവമുള്ള കള്ളന്റെ കഥയിങ്ങനെ…

പോലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ് രാജാക്കാട് മേഖലയിലെ ഒരു കള്ളന്‍. ഷാപ്പുകളില്‍ കയറി ഇറച്ചിക്കറി തിന്നുകയാണ് ഇയാളുടെ പ്രധാന തൊഴില്‍. ഇതു മാത്രമല്ല ബീഡി, സിഗരറ്റ് തുടങ്ങി കയ്യില്‍ കിട്ടുന്നത് എന്തും തട്ടിയെടുക്കുകയും ചെയ്യും. നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്ന മോഷ്ടാവിന് വേണ്ടി രാജാക്കാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഒരു മാസത്തിനിടെ മുല്ലക്കാനം, തേക്കിന്‍കാനം, ആനപ്പാറ മേഖലകളില്‍ കടകള്‍, കള്ള് ഷാപ്പ്, എസ്റ്റേറ്റ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് ഒരാള്‍ തന്നെ ആണെന്നാണ് രാജാക്കാട് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം 16 ന് ആണ് മുല്ലക്കാനത്ത് 3 കടകളിലും കള്ള് ഷാപ്പിലും മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന പണവും തയ്യല്‍ കടയില്‍ നിന്ന് വസ്ത്രങ്ങളും മോഷ്ടിച്ചു. സമീപത്തെ കള്ള് ഷാപ്പില്‍ കയറി ഇറച്ചിക്കറിയും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്.

മുല്ലക്കാനത്തെ മോഷണത്തിനു ശേഷം 20ന് ആണ് തേക്കിന്‍കാനത്ത് കടകളില്‍ മോഷണം നടന്നത്. ഇവിടെയും കള്ള് ഷാപ്പില്‍ മോഷ്ടാവ് കയറി. ബാര്‍ബര്‍ ഷോപ്പിലും ഏലം സ്റ്റോറിലും മോഷണം നടന്നു. ഏലം സ്റ്റോറിനു സമീപത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും മോഷ്ടാവ് കൊണ്ടു പോയി. ഒരു മാസം മുമ്പ് ബൈസന്‍ വാലിയിലെ മത്സ്യവ്യാപാര ശാലയില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്നാണ് വിവരം.

തേക്കിന്‍കാനത്ത് ഏലം സ്റ്റോറില്‍ മോഷണത്തിന് കയറിയ ആളുടെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു.തേക്കിന്‍കാനത്തു മോഷണം നടന്നതിന്റെ പിറ്റേന്ന് എല്ലക്കല്ലിലെ കടകളിലും സമാനമായ രീതിയില്‍ മോഷണം നടന്നു. പള്ളി ജംക്ഷനിലെ കട കുത്തി തുറന്ന് പണവും ബിഡി, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച ആണ് ആനപാറയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നും രണ്ട് വൈദ്യുത മോട്ടറുകളും ടെന്റ് നിര്‍മിക്കുന്ന ഉപകരണങ്ങളും മോഷണം പോയത്. എല്ലാം ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.

Related posts