മട്ടന്നൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊതേരി എൽപി സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളും കുട്ടികളുടെ മികവും നേരിൽ കാണാൻ ബഹ്റൈനിൽ എസ്പി റാങ്കിൽ വിരമിച്ച മുൻ സിഐഡി ഉദ്യോഗസ്ഥൻ സലാഹ് അബ്ദുല്ല എം. അൽഖാൻ കുടുംബസമേതം എത്തി.കൂത്തുപറമ്പ് സ്വദേശിയായ സതീശൻ പുളിക്കുൽ എന്ന സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സ്കൂൾ മാനേജർ ശുഹൈബ് കൊതേരിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സ്കൂളിന്റെ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം കുടുംബത്തോടൊപ്പം കൊതേരിയിലെത്തിയത്.അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ സലാഹ് അബ്ദുല്ലയെയും കുടുംബത്തെയും സ്കൂളിലേക്ക് സ്വീകരിച്ചു. തുടർന്നു സ്കൂൾ അധികൃതർ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
കുട്ടികളുമായി സംവദിച്ച സലാഹ് അബ്ദുല്ല സ്കൂളിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. തുടർന്നു സ്കൂൾ അധികൃതർ അദ്ദേഹത്തിനും കുടുംബത്തിനും സ്നേഹാദരം നൽകി.കുടുംബാംഗങ്ങളായ ഖദീജ അൽഖാൻ, ഇബ്രാഹിം അൽഖാൻ, നൂറ അൽഖാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. വനജ, പിടിഎ പ്രസിഡന്റ് എം.പി. അബ്ദുൽ റഷീദ്, വികസന സമിതി ചെയർമാൻ സി.കെ. മനോജ്, പി.കെ. അയ്യൂബ് ഹാജി, നൗഷാദ് ഹിഷാമി, കെ.പി. റാഷിദ്, എ. മുഹമ്മദ് അനീസ്, കെ. സത്യവതി എന്നിവർ പ്രസംഗിച്ചു.
