എന്റെ വീട് രാഹുലിന്റേയും..! മോദിയുടെ തട്ടകത്തിൽ പുതിയ നീക്കം; അമ്പരന്ന് ബിജെപി

മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം.

ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്.

ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു.

നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.

കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ പ്രധാന്യമാണ് ഈ പ്രചാരണത്തിന് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ ഉന്നത കോൺഗ്രസ് നേതൃത്വം ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കുവാനും സാദ്ധ്യതയേറെയാണ്.

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ ഡൽഹി തുഗ്ലക് ലെയ്നിലെ 12ാം നമ്പർ ഔദ്യോഗിക വസതി ഒഴിയാനാണ് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകിയത് .

ഏപ്രിൽ 22നുള്ളിൽ ഒഴിയണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ തന്ത്രപരമായ മറുപടിയാണ് രാഹുൽ നൽകിയത്.

ബലം പിടിക്കാൻ നിൽക്കാതെ ഇരയാക്കപ്പെടുന്നു എന്ന സന്ദേശം പരമാവധി അണികളിലും, ജനങ്ങളിലും എത്തിക്കാനാണ് ശ്രദ്ധിച്ചത്.

ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയ്ക്ക് നൽകിയ മറുപടിയിൽ എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാൻ താൻ സന്നദ്ധനാണെന്ന് അറിയിച്ചു.

രാഹുലിന്റെ മറുപടിക്ക് പിന്നാലെ ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ അഭിപ്രായം മാദ്ധ്യമങ്ങൾ തേടിയിരുന്നു.

രാഹുൽ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിൽ താമസിക്കും, അല്ലെങ്കിൽ എന്റെ വീട് നൽകും എന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.

ഈ വാക്കുകളിൽ നിന്ന് പ്രചരണത്തിന്റെ പുത്തനായുധം കണ്ടെടുത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

Related posts

Leave a Comment