അതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…

കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്.

15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം.

ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല.

കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാര്‍ പലരും ഇത് പാലിക്കാറില്ല.

പോലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല.

പരിശോധന ഇല്ലാതായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികള്‍പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്.

സംസ്ഥാനത്ത് ഏകദേശം 30 ലക്ഷത്തോളം അന്യ സംസ്ഥാനത്തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കോവിഡിന്റെ ആരംഭം വരെ കൂടി വരുന്ന കാഴ്ചയാണ് കണക്കുകള്‍ നല്‍കുന്നത്.

2020 മുതല്‍ കോവിഡ് വ്യാപിക്കുകയും ഇതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാവുന്ന കേസുകളുടെ എണ്ണം ചെറിയ തോതില്‍ കുറച്ചിട്ടുണ്ട്.

Related posts

Leave a Comment