വിദേശത്തുപോയി സമ്പാദിച്ച വീടും പറമ്പും വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് നല്‌കേണ്ടിവന്നത് ജിജിയെ കോപാകുലനാക്കി, കാവനയില്‍ വീട്ടമ്മയുടെ ദാരുണകൊലപാതകത്തിലേക്ക് നയിച്ചത് ഇക്കാര്യങ്ങള്‍

tumi 2വാഴക്കുളം: കാവനയില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തില്‍ മൃതദേഹം കിടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ധരും ഡോഗ്‌സ്ക്വാഡും ഇന്നുരാവിലെ പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം 3.45 ഓടെയായിരുന്നു കല്ലൂര്‍ക്കാട് തട്ടാറുകുന്നേല്‍ റ്റുമി ജോര്‍ജിനെ (46) വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഇവരുടെ ഭര്‍ത്താവ് കാവന ചക്കുങ്കല്‍ ജിജി ജേക്കബിനായി തെരച്ചില്‍ പോലീസ് ഊര്‍ജിതപ്പെടുത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഭര്‍ത്താവുമായി പിണങ്ങി കുട്ടികളുമായി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു റ്റുമി. ഇവര്‍ ഒരുമിച്ചായിരുന്ന നാളുകളില്‍ താമസിച്ചിരുന്ന കാവനയിലെ വീടും രണ്ടേക്കര്‍ സ്ഥലവും റ്റുമിയുടെ പേരിലായിരുന്നു. ആറു വര്‍ഷം മുന്‍പ് പിണങ്ങിപ്പിരിഞ്ഞ ശേഷം ഇതു സംബന്ധിച്ച് കോടതിയില്‍ ഭര്‍ത്താവ് ജിജി ജേക്കബ് കേസ് നല്‍കിയിരുന്നു. വിദേശത്ത് ഡ്രൈവറായി ജോലി നോക്കിയിരുന്ന ജിജി തന്റെ സമ്പാദ്യമാണ് ഇതെന്ന പേരിലാണ് സ്വത്ത് തിരികെ ചോദിച്ചത്. എന്നാല്‍, അടുത്ത നാളില്‍ റ്റുമിക്ക് അനുകൂലമായി കോടതി വിധിയുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന ജിജി മണിയന്തടത്തേക്കു താമസം മാറ്റി.

സ്വത്തും വീടും നഷ്ടപ്പെട്ടതില്‍ കടുത്ത വൈരാഗ്യത്തിലായിരുന്നു ജിജിയെന്നു നാട്ടുകാര്‍ പറഞ്ഞു. വീടിനു സമീപത്തുണ്ടായിരുന്ന രണ്ടേക്കറോളം സ്ഥലം നേരത്തെ തന്നെ വില്‍പന നടത്തിയിരുന്നു. പിന്നീട് ശേഷിച്ച സ്ഥലവും വീടും നഷ്ടപ്പെട്ടത് ജിജിയെ നിരാശനാക്കിയതായും ഇതു അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജിജിയെന്നും അയല്‍വാസികള്‍ പറഞ്ഞു. കല്ലൂര്‍ക്കാട്ടെ വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കാവനയിലെത്തിയ റ്റുമിയെ കാത്തിരുന്നത് ദാരുണാന്ത്യമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ റ്റാജു അയല്‍വീട്ടിലേയ്ക്ക് പോയപ്പോഴായിരുന്നു സംഭവമെന്നു കരുതുന്നു. വീടിനു പിന്നില്‍ തൊഴുത്തിനു സമീപം മുറ്റത്താണ് റ്റുമിയെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടത്.

ഭര്‍ത്താവ് ജിജിയെ വൈകുന്നേരം സമീപപ്രദേശങ്ങളില്‍ കണ്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. റ്റുമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികളായ സോളമനും സിയയുമാണ് ഇവരുടെ മക്കള്‍.  വീട്ടില്‍ നിന്ന് പലപ്പോഴും വഴക്കും ബഹളവുമുണ്ടായിരുന്നതായും സമീപവാസികള്‍ പറഞ്ഞു. മദ്യപിച്ചുവന്ന് റ്റുമിയെ ഉപദ്രവിക്കാറുണ്ടെന്നും മാരകായുധങ്ങളുമായി റ്റുമിയുടെ പിന്നാലെ ഓടുന്നതു കണ്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ ജീവനു ഭീഷണി നേരിട്ട സാഹചര്യത്തിലാണ് റ്റുമി കുട്ടികളേയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോയത്.

Related posts