ഇതാണ് ഭായിമാരുടെ സ്‌നേഹം ! ദേശീയ പണിമുടക്ക് ദിനത്തില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വച്ചു നല്‍കിയത് നല്ല ഒന്നാന്തരം ബിരിയാണി;ഈ വംഗദേശ മാതൃക കേരളീയര്‍ക്ക് ഒരു പാഠം…

കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കു ദിനത്തില്‍ ഇവര്‍ ചെയ്ത നന്മ പ്രവര്‍ത്തി പലരെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പാനൂര്‍ ടൗണിന്റെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണവും വെള്ളവുമായി രംഗത്തിറങ്ങിയാണ് ഇവര്‍ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്.

കൊല്‍ക്കത്തയിലെ ജല്‍ലായ് ജില്ലയിലെ സിലിഗുഡിയില്‍ നിന്നെത്തിയ പതിമൂന്ന് തൊഴിലാളികളാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെത്തിയത്.നിര്‍മ്മാണ തൊഴിലാളികളായ ഇര്‍ഫാന്‍, ഹമീദ്, നവദീപ്, ബാബൂല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പോലും അടഞ്ഞ് കിടന്ന പാനൂര്‍ ടൗണിലെ കടവരാന്തയില്‍ കഴിയുന്നവര്‍ക്ക് ബിരിയാണിയുമായി എത്തിയത്. ടൗണിന് സമീപത്തുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുകയാണ് ഈ ബംഗാള്‍ തൊഴിലാളികള്‍.

നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് കാരണം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനായില്ല. അതിനാല്‍ തെരുവോരങ്ങളില്‍ കഴിയുന്നവരുടെ വിഷമം മനസ്സിലാക്കി താമസ സ്ഥലത്തു വെച്ച് ബിരിയാണി പാചകം ചെയ്യുകയായിരുന്നു. കഴിഞ്ഞ രാത്രി മുതല്‍ ഇവര്‍ ഭക്ഷണവും വെള്ളവും എത്തിച്ചു തുടങ്ങി. ഭക്ഷണമില്ലാതെ വിശന്നു കഴിയുന്ന തൊണ്ണൂറിലേറെ പേര്‍ക്കാണ് ബംഗാള്‍ തൊഴിലാളികളുടെ സഹായം ലഭിച്ചത്.

രണ്ട് ദിവസത്തെ ഭക്ഷണം തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കാന്‍ തയ്യാറെടുത്തിരിക്കയാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍. ഇന്ന് രാത്രി കൂടി ഭക്ഷണം നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. പണിമുടക്കിന് രണ്ടെണ്ണം അടിച്ച് വീട്ടില്‍ ഇരിക്കാമെന്നു വിചാരിക്കുന്ന മലയാളികള്‍ ഇവരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

ദ്വിദിന പണിമുടക്കിന്റെ ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിട്ട തൊഴിലാളി സംഘടനകളും ഇവരെ കണ്ട് പഠിക്കണം. തെരുവില്‍ കഴിയുന്നവരുടെ വിശപ്പുമാറ്റാന്‍ ജീവിക്കാന്‍ വേണ്ടി ഇവിടെ വന്ന് എല്ലു മുറിയെ പണിയെടുക്കുന്ന ഒരു കൂട്ടം മറുനാട്ടുകാര്‍ വേണ്ടി വന്നു. ഭക്ഷണവും വെള്ളവും മുട്ടിച്ച് പണിമുടക്ക് വിജയമായെന്ന് അവകാശപ്പെടുമ്പോള്‍ ഈ ബംഗാളികളുടെ പ്രവൃത്തിക്കു മുമ്പില്‍ മലയാളികള്‍ വളരെ ചെറുതാവുകയാണ്.

Related posts