ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്.
രണ്ടു മന്ത്രിമാരെ ചോദ്യം ചെയ്തശേഷം മതിയോ അതോ ഉന്നതനെ തന്നെ ആദ്യം പിടിക്കണമോ എന്ന ചര്‍ച്ചയാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഏതായാലും ഡല്‍ഹിയില്‍നിന്നുമുള്ള നിര്‍ദേശപ്രകാരമാണു കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.
ശിവശങ്കറിന്റെ അറസ്റ്റ് പോലും ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികളില്‍ എന്‍ഫോഴ്സ്മെന്റും കസ്റ്റംസുമാണ് ഉന്നതനെ ലക്ഷ്യം വയ്ക്കുന്നത്.
നിരീക്ഷണത്തിൽ
സ്വപ്ന സുരേഷുമായി അമിത ബന്ധം സ്ഥാപിക്കുകയും കള്ളക്കടത്തിനു വഴിവയ്ക്കുകയും ചെയ്തുവെന്നു സംശയിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെയാണു ലക്ഷ്യം വയ്ക്കുന്നത്.
സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്ത നാള്‍മുതല്‍ ഇയാളും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇന്നുവരെ ഇയാളെ ചോദ്യം ചെയ്യാനോ മൊഴി എടുക്കാനോ വിളിപ്പിച്ചിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടന്നു പോയപ്പോള്‍ മുതല്‍ രക്ഷപ്പെടാന്‍ സ്വപ്ന വിളിച്ചതും സ്വാധീനം ചെലുത്തിയവരുമായ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കസറ്റംസിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും കൈവശമുണ്ട്.
ഇനി അടുത്ത ലക്ഷ്യം ഇയാളാണെന്നാണു ലഭിക്കുന്ന സൂചന.സ്വര്‍ണക്കടത്തു പിടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വിളിച്ചതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന സ്വപ്നയുടെ മൊഴി തന്നെ പുറത്തുവന്നിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും വിളിച്ചില്ലെന്നായിരുന്നു കസ്റ്റംസ് ഓഫീസര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഇതു വിവാദമായതോടെ കസ്റ്റസ് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തു.
പിന്നീട് കോടതിയില്‍ നല്കിയ പല റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വപ്നയുടെയും പ്രതികളുടെയും സ്വാധീനം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുമായിട്ടല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിപോലും അറിയാതെ ഏതാനും ഉദ്യോഗസ്ഥര്‍ കള്ളക്കളികള്‍ നടത്തിയെന്നാണ് അന്വേഷണസംഘവും പറയുന്നത്. ശിവശങ്കറിനു പിന്നാലെ മുഖ്യമന്ത്രിയുടെ നിഴലായി നില്ക്കുന്ന ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്ന് അറിയുന്നു.
മുഖ്യമന്ത്രി അറിയാതെ
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുള്ളതായും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പേഴ്സണല്‍ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വപ്നയുടെ സ്വാധീനം വ്യക്തമാക്കുമ്പോഴും മറ്റു ഉദ്യോഗസ്ഥരുടെ പേരുകള്‍ പരമാര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോലും ഈ ഉദ്യോഗസ്ഥന്റെ അനുവാദം വേണമായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനു ലഭിച്ചതു ഉദ്യോഗസ്ഥരുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സഹായമാണെന്നു ഇതിനകം വ്യക്തമായിരുന്നു. ഇവരുടെ സഹായം സംബന്ധിച്ചു കസ്റ്റംസിനു സ്വപ്ന സുരേഷ് മൊഴി നല്കി.
കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് സ്വപ്നയുടെ മൊഴി പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കള്ളക്കടത്തിനു സഹായം ചെയ്ത ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള വ്യക്തികളുടെ വിവരങ്ങളും ഇവര്‍ ഏതു തരത്തിലുള്ള സഹായമാണ് നല്കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ സ്വപ്ന നല്‍കിയിട്ടുണ്ട്.
ഈ മൊഴി മാറ്റിപ്പറയാന്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സ്വപ്ന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മൊഴിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി മുദ്രവച്ച കവറില്‍ മൊഴി പൂര്‍ണമായും കോടതിക്ക് കൈമാറാന്‍ സ്വപ്ന തന്നെ കസ്റ്റംസിനോട് ആവശ്യപ്പെടുകയായിരുന്നു.