വില്‍ക്കുന്നതാവട്ടെ മരിച്ച് മണ്ണടിഞ്ഞവരുടെ വസ്ത്രങ്ങള്‍ ! വില്‍പ്പനയ്ക്കിരിക്കുന്നതാവട്ടെ ആരും കണ്ടാല്‍ ഭയക്കുന്ന രൂപത്തിലും; വ്യത്യസ്ഥമായ സംഗതി ഇങ്ങനെ…

നൂതനമായ ആശയങ്ങള്‍ പരീക്ഷിക്കുന്നവരാണ് എപ്പോഴും വിജയം കൈവരിക്കുക. ഇത്തരത്തില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത രീതിയിലുള്ള വസ്ത്രവ്യാപാരത്തിലേക്ക് കടന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കക്ഷി വില്‍പനയ്ക്കു വെക്കുന്നത് മരിച്ചവരുടെ വസ്ത്രങ്ങളാണ്, അവ വില്‍ക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പ്രേതരൂപത്തിനു സമാനമായി മേക്ഓവര്‍ ചെയ്താണ് യുവതി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.

തായ്‌ലന്റില്‍ നിന്നുള്ള ഓണ്‍ലൈന്‍ റീടെയ്‌ലറായ കനിതാ തോങ്ക്‌നാക് ആണ് സോംബീ ലുക്കില്‍ അവതരിച്ച് മരിച്ചവരുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.

സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കനിതായുടെ വസ്ത്രവില്‍പന. താന്‍ പ്രേതത്തെപ്പോലെ മേക്കപ്പ് ചെയ്ത് വില്‍പന ചെയ്തു തുടങ്ങിയതോടെ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചുവെന്നാണ് കനിതാ പറയുന്നത്.

മൂന്നു മണിക്കൂറോളം എടുത്താണ് കനിതാ സോംബീ മേക്കപ്പ് പൂര്‍ത്തിയാക്കുന്നത്. ശേഷം തന്റെ കയ്യിലുള്ള മരിച്ചവരുടെ വസ്ത്രങ്ങള്‍ ഓരോന്നും ഉയര്‍ത്തിക്കാണിച്ച് അവയുടെ വിലപറയും. ആ വസ്ത്രം ആരുടേതായിരുന്നുവെന്നും അയാള്‍ എങ്ങനെയാണ് മരിച്ചതെന്നും ലൈവിനിടെ പറയും.

236 രൂപ( 100 baht) യോളമാണ് കനിതാ ഓരോ വസ്ത്രത്തിനും ഈടാക്കുന്നത്. ഇനി തനിക്ക് ഈ ആശയം ലഭിച്ചതിനെക്കുറിച്ചും കനിതാ പറയുന്നുണ്ട്.

ഒരു മരണചടങ്ങില്‍ പങ്കെടുക്കവേയാണ് ആദ്യമായി മരിച്ചവരുടെ വസ്ത്രങ്ങള്‍ വില്‍പനയ്ക്ക് വെക്കാമെന്ന് ആലോചിക്കുന്നത്.

മരിച്ചവരുടെ വസ്ത്രങ്ങള്‍ അവര്‍ക്കൊപ്പം കത്തിക്കുന്ന രീതിയാണ് കണ്ടത്. അന്ന് മരണ ചടങ്ങുകള്‍ ഏറ്റെടുത്തു നടത്തുന്നവരോട് എല്ലാ ചടങ്ങുകള്‍ക്കും ശേഷം വസ്ത്രം തനിക്കു നല്‍കാമോ എന്നു ചോദിക്കുകയായിരുന്നു.

ഡിസൈനര്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുച്ഛമായ വിലയ്ക്കു തന്നെയാണ് നല്‍കുന്നത്. ചിലരെല്ലാം ലൈവില്‍ വന്ന് വസ്ത്രം വാങ്ങിയില്ലെങ്കിലും സംഭാവന നല്‍കാറുണ്ട്.

വസ്ത്രം വാങ്ങണം എന്നാഗ്രഹിക്കുന്നവര്‍ അവ മരിച്ചവരുടേതാണോ എന്ന കണക്കിലെടുക്കാതെ വാങ്ങാറുണ്ടെന്നും കനിത പറയുന്നു.

വില്‍പനയില്‍ നിന്നുള്ള ഒരു പങ്ക് ബുദ്ധക്ഷേത്രങ്ങളിലേക്കാണ് സംഭാവന ചെയ്യുന്നതെന്നും കനിതാ പറയുന്നു. എന്തായാലും കനിതയും ഇവരുടെ വസ്ത്രവില്‍പ്പനയും പലര്‍ക്കും ഒരു പ്രചോദനമാവുമെന്നുറപ്പാണ്.

Related posts

Leave a Comment