കോട്ടയം: കോട്ടയത്തുനിന്ന് കാണാതായ രണ്ടാമത്തെ ദന്പതികളെപ്പറ്റിയും യാതൊരു വിവരവുമില്ല. മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതലാണു വീട്ടിൽനിന്നു കാണാതാകുന്നത്. ഇവരെ കണ്ടെത്തുന്നതിനായി കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ഇവരുടെ രണ്ടാമത്തെ മകൻ ടിൻസി ഇട്ടി ഏബ്രഹാമിനെ ഇന്നലെ രാത്രിയിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയെ ചികിത്സയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം തിരികെ വീട്ടിലെത്തിയ ടിൻസി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. മാതാപിതാക്കളുടെ തിരോധാനത്തെ തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് കരുതുന്നു. ഏബ്രഹാം ജോലി ചെയ്തിരുന്ന കോഴിക്കോട്ടും മറ്റു ബന്ധുക്കളുടെ വീടുകളിലുമാണു അന്വേഷണം നടത്തുന്നത്. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോൾ നിരവധി പേരുമായി സുഹൃത്ത് ബന്ധം പുലർത്തിയിരുന്നു. ഇവരുടെ വീടുകളിലോ, ധ്യാനകേന്ദ്രങ്ങളിലോ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കാണാതായ ഏബ്രഹാമിന്റെ ഫോണിലേക്കു അവസാനം വന്ന കോളുകളും ഇവർ വിളിച്ച കോളുകളുമാണു പോലീസ് പരിശോധിക്കുന്നത്. സ്കൂട്ടർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വച്ചതിനുശേഷം താക്കോൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിക്ഷേപിച്ചിട്ടാണ് ഇവർ പോയിരിക്കുന്നത്. മനഃപൂർവം മാറി നിൽക്കുന്നുവെന്ന അനുമാനത്തിലാണു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ ദന്പതികളെ കാണാനില്ലെന്നു കാണിച്ചു മകനാണു കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്.
പോലീസ് അന്വേഷണത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.53നു കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് ഏരിയയിൽ ഇവരുടെ സ്കൂട്ടർ വച്ചിട്ടു പോയതായി വിവരം ലഭിച്ചു. രണ്ടുദിവസത്തേക്കാണു പാർക്കിംഗ് ഫീസ് അടച്ചിരിക്കുന്നത്. സ്കൂട്ടർ വച്ചശേഷം റെയിൽവേ സ്റ്റേഷനിലേക്കു പോയതായി പാർക്കിംഗ് ഫീസ് പിരിക്കുന്നവർ പോലീസിനെ അറിയിച്ചു. പള്ളിയിൽ പോയെന്നു കരുതി വീട്ടുകാർ ആദ്യം അന്വേഷിച്ചില്ല. പള്ളിയിൽ പോയിവരുന്ന സമയമായിട്ടും എത്താതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.
മൊബൈൽ ഫോണ്, എടിഎം കാർഡ്, പഴ്സ് എന്നിവ വീട്ടിൽ വച്ചിട്ടാണു ഇരുവരും പോയിരിക്കുന്നത്. ഇവരുടെ കൈവശം കൂടുതൽ തുകയുണ്ടായിരുന്നതായി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിരിക്കുന്ന യുവാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്. സാധാരണ പാന്റ്സ് ധരിക്കുന്ന ഏബ്രഹാം മുണ്ടും ഷർട്ടുമാണ് ധരിച്ചത്. എവിടെയെങ്കിലും ധ്യാനത്തിനു പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ. വീടിന്റെ മുകളിലത്തെ നിലയിൽ മകനും കുടുംബവും താഴത്തെ നിലയിൽ ഏബ്രഹാമും ഭാര്യയുമാണ് താമസം.
അതിനാൽ പുലർച്ചെ ദന്പതികൾ വീടുവിട്ട വിവരം ആരുമറിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിൽ സിസിടിവി കാമറ ഇല്ലാത്തതിനാൽ റെയിൽവേ വഴി പോയോ എന്നറിയാൻ മാർഗമില്ല. സമീപത്തു കടയിലുള്ള കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഏബ്രഹാമുമായി ബന്ധപ്പെട്ട് ഏതാനും നാൾ മുന്പ് ഇവരുടെ പള്ളിയിൽ വാട്സ്ആപ് സന്ദേശത്തെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു.
ഏബ്രഹാമിനു പറ്റിയ അബദ്ധമാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമാക്കിയെങ്കിലും ഒരുവിഭാഗം കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് ഇവരെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നു. പിന്നീട് കേസ് കൊടുക്കാതെ പിൻതിരിഞ്ഞെങ്കിലും ഇരുവരും പള്ളിയിൽ പോകുന്നത് ഒഴിവാക്കിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കുമ്മനത്തുനിന്നും കാണാതായ ദന്പതികളെപ്പറ്റിയും ഇതുവരെ സൂചനയൊന്നുമില്ല. കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായിട്ടു ഏഴു മാസം പിന്നിട്ടിട്ടും കേസിനു തുന്പൊന്നും ലഭിച്ചിട്ടില്ല.