ഞാന്‍ കണ്ടത്..! ഗാന്ധി ഭവനില്‍ കണ്ടത് ഒരു പുതിയ ലോകമെന്ന്് മന്ത്രി എം.എം മണി

TVM-MM-MAN-പത്തനാപുരം : ജീവകാരുണ്യ രംഗത്ത് മഹത്തരമായ സേവനം നടത്തിവരുന്ന ഗാന്ധിഭവന്‍ പോലെയുള്ള സന്നദ്ധ സ്ഥാപനങ്ങ ള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയും സഹായവും നല്‍കുമെന്ന് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഗാന്ധിഭവന്‍ സന്ദര്‍ശിച്ച ശേഷം സ്‌നേഹമന്ദിരത്തില്‍ 728 ാം ഗുരുവന്ദനസംഗമവും ജീവകാരുണ്യ മാജിക്കല്‍ മെഗാഷോയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

‘ഞാന്‍ ഇവിടെ പുതിയ ലോകമാണ് കണ്ടത്. ശാസ്ത്രീയമായി നടത്തുന്ന ഇത്തരത്തിലൊരു സ്ഥാപനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മഹത്തരമായ സാമൂഹ്യ സേവനമാണ് ഗാന്ധിഭവനില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്ത് ഗാന്ധിഭവനു സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കും.’ മന്ത്രി എം.എം. മണി പറഞ്ഞു.

മജീഷ്യന്‍ പ്രമോദ് കേരളയുടെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ജീവകാരുണ്യ മ്യൂസിക്കല്‍ മെഗാഷോയുടെ ഉദ്ഘാടനം– മൈന്റ് റീഡിംഗ് മാജിക്ക് മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ജീവകരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്. സത്യശീലന്‍, ആര്‍.രവീന്ദ്രന്‍ പിള്ള, വക്കം ഷാജഹാന്‍, അബാ മോഹന്‍, മുഹമ്മദ് ഷെമീര്‍, എ. നിസാമുദീന്‍, എം.എസ് ജയകുമാര്‍, എസ്. കൃഷ്ണകുമാര്‍, കെ.എസ്. വേണുകുമാര്‍, നിഷ സ്‌നേഹക്കൂട് എന്നിവര്‍ക്ക് ഗാന്ധിഭവന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. എന്‍. ജഗദീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പുനലൂര്‍ ബി. രാധാമണി, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ മിനി ഷാജഹാന്‍, കെ. ധര്‍മ്മരാജന്‍, കലാപ്രേമി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts