ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി ! ഈയൊരു കുറ്റത്തിന് പിഴ ചുമത്താന്‍ നിലവില്‍ പോലീസിന് വകുപ്പില്ലെന്ന് ഹൈക്കോടതി…

വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ച അനവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെയൊക്കെ കാശുപോയി എന്നു മാത്രം പറയാം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ പിഴയടച്ചവരെല്ലാം ശശിയായി.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.

നിലവില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കുന്നത്.

മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്ന് കാട്ടി കേസെടുത്തതിനെതിരെ കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി. സാധാരണയായി ഡ്രൈവിംഗിനിടെയുള്ള ഫോണ്‍വിളിയ്ക്ക് 1000 രൂപയാണ് പോലീസ് പിഴയായി ഈടാക്കിക്കൊണ്ടിരുന്നത്.

കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണിച്ചിരുന്നു. വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുക്കാറുള്ളത്.

ഫോണില്‍ സംസാരിക്കുന്നത് പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല, പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല.

അതിനാല്‍, അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥ നിലവിലില്ലെന്നും അതിനാല്‍ തന്നെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ അതാത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

Related posts