കലിഫോർണിയ: ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിന്റെ വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഷൂട്ടിനിടെ കനത്ത തിരമാലയിൽപ്പെട്ട് മോഡലായ യുവതി കടലിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്. ‘തെറ്റിപ്പോയ ഫോട്ടോഷൂട്ട്’ എന്ന കുറിപ്പോടെയാണ് ഷായിലാ വെൽച്ച് എന്നയാൾ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ‘മോഡലായ കേറ്റും ഞാനും സൗത്ത് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ തീരദേശപ്രദേശമായ പാലോസ് വെർഡെസിൽ ഒരു ഫോട്ടോഷൂട്ടിന് പോയി. പാറക്കെട്ടുകളുള്ള കടൽത്തീരത്ത് ആദ്യം എല്ലാം നന്നായിരുന്നു.
അവസാനം കടല്‍ വെള്ളത്തോട് ചേർന്നുനിന്നു കുറച്ച് ഫോട്ടോകൾ എടുക്കാൻ കേറ്റ് പറഞ്ഞു. ഈസമയം വലിയ തിരകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പെട്ടെന്ന് ഒരു വലിയ തിര പുറകിൽ വന്ന് അവളെ അടിച്ചെടുത്തു. കുറച്ച് മിനിറ്റുകള്‍ കേറ്റിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അവൾ പാറക്കെട്ടിനിടയിലെ ഗുഹയിൽ കുടുങ്ങിയതായി തോന്നി.
ഈ സമയം ഞാന്‍ ഷൂട്ട് നിര്‍ത്തി. ആളുകള്‍ എന്നോട് കടലില്‍ ചാടരുതെന്നു പറഞ്ഞു. ഞാൻ പോലീസിനെ വിളിച്ചു. ഒരു ഹെലികോപ്റ്റര്‍ വന്നു. കേറ്റിനെ ഒരു കുഴപ്പവുമില്ലാതെ കടൽത്തീരത്തെ ഗുഹയില്‍നിന്നു പുറത്തെത്തിച്ചു. അവളുടെ ദേഹത്ത് ചെറിയ പോറലുകള്‍ മാത്രം’.
വീഡിയോ കണ്ട പലരും മോഡല്‍ വലിയ ഭാഗ്യവതിയാണെന്നു കുറിച്ചു. ചിലര്‍ മോഡലിനെ അപകടകരമായ സ്ഥലത്ത് നിര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ അധിക്ഷേപിച്ചു.