രാജ്യത്തെ ജനങ്ങളുടെ രക്ഷയ്ക്കായുള്ള നിലവിളിയും കരച്ചിലുമാണത്, നൂറ് ദിവസത്തിനകം അവര്‍ രക്ഷപ്പെടും! പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച മോദിയ്ക്ക് രാഹുല്‍ഗാന്ധിയുടെ മറുപടി ഇങ്ങനെ

തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ ഉയര്‍ന്ന രക്ഷിക്കൂ രക്ഷിക്കൂ എന്ന മുദ്രവാക്യത്തെ കളിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

അവിടെ ഉയര്‍ന്ന മുദ്രവാക്യം രാജ്യത്തെ യുവത്വത്തിനും കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും 100 ദിവസത്തിനകം അവര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയെ അഭിസംബോധന ചെയ്താണ് ട്വീറ്റ് ആരംഭിക്കുന്നത്.

തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളുടെ കരച്ചിലാണത്. ദുരിതത്തിലായ കര്‍ഷകരുടെ പ്രതിഷേധമാണത്. ആദിവാസികളുടേയും ദളിതരുടേയും പീഡിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്റേയും ശബ്ദമാണത്. താങ്കളുടെ സ്വേഛാധിപത്യ-കഴിവുകെട്ട ഭരണത്തില്‍ നിന്നും രക്ഷനേടാന്‍ അവര്‍ യാചിക്കുകയാണ്. 100 ദിവസത്തിനകം അത് സാധ്യമാകും-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ വളരുന്ന രാഷ്ട്രീയ മാറ്റത്തില്‍ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച നഷ്ടമാകുമെന്ന സൂചനയാണ് ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി നല്‍കിയത്. നേരത്തെ മോദിയുടെ കളിയാക്കലിനെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും രംഗത്ത് എത്തിയിരുന്നു. തൃണമൂലിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ ഇരുപതിലധികം ദേശീയ നേതാക്കളാണ് പങ്കെടുത്തത്. റാലിയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തയിരുന്നു.

Related posts