കുറവിലങ്ങാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാടിനും മോനിപ്പള്ളിക്കുമിടയില് ചീങ്കല്ലേല്‍ ഭാഗത്താണ് അപകടം.
ഇരിട്ടി സ്വദേശിനി സിന്ധു പ്രബീഷാണ് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. 31 പേരെ മോനിപ്പള്ളി എംയുഎം ആശുപത്രിയിലും സാരമായ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആകെ 46 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്നു പുലര്‍ച്ചെ പന്ത്രണ്ടേമൂക്കാലോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടിയിലുള്ള ടൂര്‍ ഓപ്പറേറ്റുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 23ന് വൈകുന്നേരമാണ് തീര്‍ഥാടകസംഘം ഇരിട്ടിയില്‍ നിന്ന് യാത്രതിരിച്ചത്.
ഇന്നലെ കന്യാകുമാരി, ചെങ്കല്‍, ശിവഗിരി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്ത് വളവ് തിരിയുന്നതിനിടയില് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. മറിഞ്ഞ ബസ് നിരങ്ങിനിങ്ങിയതായും പറയുന്നുണ്ട്.
നാടും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി യാത്രക്കാര്‍
അപകടമുണ്ടാകുമ്പോള്‍ ബസിലുണ്ടായിരുന്ന ഏറെപ്പേരും ഉറക്കത്തിലായിരുന്നു. ഒരു കാര്‍ എതിര്ദിശയിലെത്തിയതായും തുടര്‍ന്ന് ബസ് വളവ് തിരിയുന്നതിനിടയില് മറിയുകയായിരുന്നുവെന്നുമാണ് ബസില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട റിട്ട. ബാങ്ക് മാനേജര്‍ വി. നാരായണന് പറയുന്നത്.
നാരായണനും ഭാര്യയും സുഹൃത്തും യാത്രാസംഘത്തിലുണ്ടായിരുന്നു. നാരായണനും ഭാര്യയുമടക്കം ആറുപേര്‍ മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുറവിലങ്ങാട് പോലീസും കടുത്തുരുത്തി ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്കി.
സിന്ധുവിന്റെ മൃതദേഹം മോനിപ്പള്ളി എംയുഎം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പേരാവൂർ മണത്തണ കരിയാടൻ ഹൗസിൽപരേതനായ സുധാകരൻ നന്പ്യാരുടെയും ദേവിയമ്മയുടെയും മകളാണ് മരിച്ച സിന്ധു.ഭർത്താവ്: പ്രബീഷ്. മക്കൾ: സിദ്ധാർഥ് (ഗൾഫ്), അഥർവ് (മണത്തണ ഗവ.ഹയർസെക്കൻ സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: സുരേഷ് കുമാർ, രാജീവൻ.

