നിന്റെ കൂടെ പറഞ്ഞയച്ചതാണോടാ അവളെ; കുറിയിട്ട യുവാവിന്റെ കൂടെ നടന്ന ബുര്‍ഖാധാരിയായ പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത് സദാചാര ഗുണ്ടകള്‍; ഗുണ്ടായിസം ഫേസ്ബുക്ക് ലൈവുമാക്കി

moral-police33കൊച്ചി: ഇല്ല, സദാചാര ഗുണ്ടായിസം കേരളമുള്ള കാലത്തോളം അവസാനിക്കുകയില്ല. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തില്‍ സദാചാര ഗുണ്ടായിസം. കുറിതൊട്ട യുവാവിനൊപ്പം ബുര്‍ഖയും മഫ്തയും ധരിച്ചു നടന്ന പെണ്‍കുട്ടിയാണ് ഇത്തവണ സദാചാരഗുണ്ടകളുടെ ഇരയായത്. ഇതും പോരാഞ്ഞ് ‘എത്ര അനുഭവിച്ചാലും പഠിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ ഗുണ്ടായിസം ഫേസ്ബുക്കില്‍ ലൈവുമാക്കി.

നിരവധിപേര്‍ കണ്ടുനില്‍ക്കെയാണ് പെണ്‍കുട്ടി അക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അതേ ജമാഅത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. കാസര്‍ഗോട് ജില്ലയിലേതെന്ന് തോന്നിപ്പിക്കുംവിധം കന്നഡ കലര്‍ന്ന സംഭാഷണമാണ് ഇവര്‍ നടത്തുന്നത്. ഞാന്‍ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി കാണിച്ചത്. സ്ത്രീയുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ഗുണ്ടായിസവും. കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവവും കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എന്തു നടപടികള്‍ സ്വീകരിച്ചാലും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം.’മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ പോക്ക് എങ്ങോട്ട്? എത്ര ബോധവത്കരണം നടത്തിയാലും എത്ര അനുഭവിച്ചാലും മുസ്ലീങ്ങള്‍ പഠിക്കില്ല. ഇതൊക്കെ മാതാപിതാക്കളുടെ പിടിപ്പുകേടാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ സംഭവം ലൈവാക്കിയത്.

നീ ബുര്‍ഖ ധരിച്ച് അന്യ സമുദായക്കാരന്റെ കൂടെ നടക്കണ്ട. നിനക്ക് അഴിഞ്ഞാടണമെങ്കില്‍ ബുര്‍ഖ അഴിച്ചു വച്ചിട്ടാവാം.ഒരുത്തന്റെ കൂടെ നടക്കാന്‍ വീട്ടുകാരുടെ പിന്തുണയുണ്ടോയെന്നും സദാചാര ഗുണ്ടകള്‍ ചോദിക്കുന്നു. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും സദാചാര ഗുണ്ടകള്‍ വെറുതേ വിടുന്നില്ല. അയല്‍ക്കാരിയാണ്, നാട്ടുകാരിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാത്ത ഗുണ്ടകള്‍ നിന്റെ കൂടെ പറഞ്ഞയച്ചതാണോ അവളെയെന്ന ചോദ്യം ആവര്‍ത്തിക്കുന്നു. എന്റെ കൂട്ടുകാരന്റെ കൂടെ ഒരിടത്തുപോകാന്‍ അവകാശമില്ലേയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് അസഭ്യവര്‍ഷമായിരുന്നു ഗുണ്ടകളുടെ മറുപടി.

നിനക്ക് പെണ്‍സുഹൃത്തുക്കളില്ലേയെന്നും ഒരു പെണ്ണിന്റെ കൂടെ വരാത്തതെന്തേയെന്നും പറഞ്ഞ് പെണ്‍കുട്ടിക്കുനേര്‍ക്കു തട്ടിക്കയറുന്നു. മുസ്ലിം സഹോദരിയുടെ രക്ഷയ്ക്കുവേണ്ടിയാണ് തങ്ങള്‍ ഇതു ചെയ്യുന്നതെന്നും സദാചാര ഗുണ്ടകള്‍ പറയുന്നു. ഇതിനിടെ മുതിര്‍ന്ന ഒരു സ്ത്രീ എന്താണു സംഭവമെന്നന്വേഷിച്ചപ്പോള്‍ അഴിഞ്ഞാട്ടമായിരുന്നു എന്ന മറുപടിയും ഇവര്‍ നല്‍കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പൊലീസ് ഞങ്ങളോടാണ് ചോദിക്കുകയെന്നും അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും സദാചാര ഗുണ്ടകള്‍ വാദിക്കുന്നുമുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ അട്ടപ്പാടി സ്വദേശി അനീഷ് ആത്മഹത്യ ചെയ്തിരുന്നു. ബീച്ചില്‍ കൂട്ടുകാരിക്കൊപ്പം നേരിടേണ്ടിവന്ന ആക്രമണത്തിലും മാനഹാനിയിലും മനംനൊന്തായിരുന്നു യുവാവിന്റെ ആത്മഹത്യ. ഇതൊന്നും കേരളത്തിന്റെ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കില്ലെന്ന സൂചനയാണ് പുതിയ സംഭവത്തിലൂടെ ലഭിക്കുന്നത്.

Related posts