എന്റെ മകളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു ! ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ക്ക് നീതി കിട്ടിയില്ല; നിര്‍ഭയയുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍ രാജ്യത്തെ വേദനിപ്പിക്കുന്നു…

രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവം നടന്നിട്ട് ആറു വര്‍ഷം കഴിഞ്ഞെങ്കിലും തന്റെ മകള്‍ക്ക് ഇനിയും നീതികിട്ടിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍.’എന്റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ തകര്‍ച്ചയാണിത് പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്നു പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോടു പറയാനുള്ളത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ്’ നിര്‍ഭയയുടെ അമ്മ പറഞ്ഞു.

നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ. സ്ത്രീസുരക്ഷയ്ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തിവേണം നിര്‍ഭയയുടെ ഓര്‍മ്മ നമ്മുടെ മനസുകളില്‍ നിലനില്‍ക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

അതിവേഗ വിചാരണയിലൂടെ 2013 സെപ്റ്റംബര്‍ 11 നാണ് നാലു പ്രതികള്‍ക്കും കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്. ഇതു ഹൈക്കോടതി ശരിവച്ചതോടെ പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചു. ഒന്നരവര്‍ഷം നീണ്ട വാദത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വധശിക്ഷ ശരിവച്ച് ഉത്തരവിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണു നിര്‍ഭയ സംഭവമെന്നും ശിക്ഷ കുറയ്ക്കുകയോ പ്രതികളെ വെറുതെ വിടുകയോ ചെയ്താല്‍ സമൂഹ മനസാക്ഷിക്കുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നുള്ള പ്രോസിക്യൂഷന്‍ വാദം മൂന്നംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഏതെങ്കിലും കേസില്‍ വധശിക്ഷ നല്‍കേണ്ടതുണ്ടെങ്കില്‍ അത് ഇതിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബെഞ്ചിലെ വനിതാ ജഡ്ജി ആര്‍. ഭാനുമതി, സ്ത്രീകള്‍ക്കു നേരേ വര്‍ധിച്ചുവരുന്ന അതിക്രമിങ്ങള്‍ക്കെതിരേ കാര്യപ്രസക്തമായ നിരീക്ഷണങ്ങളും 400 പേജ് വരുന്ന വിധിന്യായത്തില്‍ നടത്തിയിരുന്നു.

2012 ഡിസംബര്‍ 16നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സുഹൃത്തിനൊപ്പം സിനിമകണ്ടു മടങ്ങിയ പെണ്‍കുട്ടിയെ ബസിലുണ്ടായിരുന്ന ആറുപേര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഡിസംബര്‍ 29 ന് സിംഗപ്പുര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ദുര്‍ഗുണ പരിഹാര പാഠശാലയില്‍നിന്ന് മൂന്നുവര്‍ഷത്തിനുശേഷം മോചിതനായി.

Related posts