ദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടു വിചാരം ! അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി; സംഭവം ഇങ്ങനെ…

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി പെറ്റമ്മ. ദത്ത് നല്‍കല്‍ നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ സ്ഥലത്തെത്തിയായിരുന്നു അമ്മ കുഞ്ഞിനെ വാങ്ങിയത്.

ഈ ജനുവരിയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്.

പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്.

തുടര്‍ന്ന് ഫെബ്രുവരിയില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നല്‍കി.
ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്.

ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെ നല്‍കുകയും ചെയ്തു.

അനുപമയുടെ കുഞ്ഞിനെ തിരികെനല്‍കാന്‍ കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു.

കുഞ്ഞിന്റെ അച്ഛന്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നാണ് അമ്മ അധികൃതരോടു പറഞ്ഞത്.

വിവാഹം നടക്കാതെ വന്നതോടെ സ്ത്രീയുടെ വീട്ടുകാരും കുഞ്ഞിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

അനധികൃതമായി ദത്തുനല്‍കാനുള്ള നീക്കങ്ങളും നടന്നു. തുടര്‍ന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.

തുടര്‍ന്ന് ജോലിക്കായി അമ്മ വിദേശത്തേക്കു പോവുകയും ചെയ്തു. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ ഇവരോട് നിര്‍ദേശിച്ചു.

ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദേശത്തായിരുന്ന അമ്മ കമ്മിറ്റിക്ക് ഇ-മെയില്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment