മലയാളത്തിൽ വളർന്ന് തെന്നിന്ത്യയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തില്‍ സജീവമാണെങ്കിലും സോഷ്യല്‍ മീഡിയയോട് നോ പറഞ്ഞു നിൽക്കുന്ന ഐഷു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ എന്നും സജീവമാണ്.
ഡ്രസിംഗിലും, തുറന്നുപറച്ചിലിലും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായ ഐശ്വര്യ എന്തുകൊണ്ട് ഇത് നടക്കുന്നു എന്നതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി അച്ഛനും അമ്മയും ഒരു കിലോ സ്വര്‍ണം വാങ്ങി വച്ചിരുന്നുവെന്ന് യൂട്യൂബറായ സംവിധായകന് പറഞ്ഞത് ഈയടുത്ത് ചര്‍ച്ചയായിരുന്നു.
ഇതിനെകുറിച്ച് ഐശ്വര്യ പറയുന്നു..”അമ്മയ്ക്ക് തീരെ സമയമില്ല ഒന്നിനും. രാവിലെ എഴുന്നേറ്റാല്‍ മെഡിറ്റേഷന്‍, പ്രാർത്ഥന, യോഗ…. അങ്ങനെ എന്തൊക്കയോ പരിപാടികളാണ്. പക്ഷെ അച്ഛന് നേരെ വിപരീതമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്ന് യൂട്യൂബ് കാണും.
എന്നെപ്പറ്റിയുള്ള ഗോസിപ്പുകളൊക്കെ കാണും. അച്ഛൻ പറഞ്ഞു, ഏതോ ആള് പറഞ്ഞിരുന്നു, നിന്റെ അച്ഛനും അമ്മയും ഒരു കിലോ സ്വര്‍ണം ഒക്കെ വാങ്ങി വച്ചിരുന്നുവെന്ന്. നിങ്ങളുടെ കൈയിൽ എവിടുന്നാണ് ഒരു കിലോ സ്വര്‍ണം, അപ്പോള്‍ തന്നെ മനസിലാക്കണ്ടേ അയാള്‍ സ്വന്തമായിട്ട് പറഞ്ഞുണ്ടാക്കുന്നതാണെന്ന് എന്ന് ഞാന്‍ ചോദിച്ചു” ഐശ്വര്യ ലക്ഷ്മി പറയുന്നു.
വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ പരാജയവും അതിനെ തുടർന്നുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് വെളിപ്പെടുത്തിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ചിത്രത്തിന്റെ തിരിച്ചടിയെ തുടർന്ന് മലയാള സിനിമയിൽ തന്നെ അഭിനേത്രിയായി തെരഞ്ഞെടുക്കാൻ അണിയറ പ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും, തിയറ്ററുകളിൽ നേരിട്ട പ്രത്യാഘാതം വ്യക്തിപരമായി അനുഭവിക്കേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി.
ചിത്രത്തിനു ശേഷം കടുത്ത സൈബർ ആക്രമണം കാരണം ദുൽഖറിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഓണക്കാലത്ത് ദുൽഖറിനൊപ്പം ചെയ്യാനിരുന്ന ഒരു പരസ്യചിത്രത്തിൽ നിന്ന് ഇതുകാരണം താൻ സ്വയം പിന്മാറിയെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
ഡ്രസിംഗിന്റേയും ക്ലീവേജ് വിഷയത്തിന്റെയും പേരിൽ ഉണ്ടായ വിവാദവും തന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ചിലത് തന്റെ ഫാഷന്‍ സെന്‍സ് ആയിരുന്നുവെന്നും പക്ഷേ സാഹചര്യം ശരിയായിരുന്നില്ല എന്നാണ് നടി പറയുന്നത്.
തമിഴില്‍ ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഗാട്ട ഗുസ്തി 2 വന്‍ വിജയമായിരുന്നു. ഉര്‍വശിയ്ക്കൊപ്പം അഭിനയിക്കുന്ന മലയാള ചിത്രം ആശയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
