ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ പ്ലോട്ട് നമ്പർ 114ൽ താമസിക്കുന്ന മായ സനിലിന്റെ വീടിന് നേരെ അപകടകാരിയായ മോഴയാനയുടെ ആക്രമണം. പുലർച്ചെ മൂന്നോടെ നടന്ന സംഭവത്തിൽ വീടിന്റെ മുന്നിലെ ഷെഡ്ഡും വീട്ടുപകരണങ്ങളും തകർന്നു. ഓടി രക്ഷപ്പെടുന്നതിനിടെ സനിലിന്റെ അമ്മമ്മയ്ക്ക് വീണ് മുട്ടിന് പരിക്കേറ്റു.
സംഭവസമയത്ത് സനിലിന്റെ അമ്മമ്മ ബാത്ത്റൂമിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സമീപവഴിയിൽ നിന്നിരുന്ന മോഴയാന വീടിന് നേരെ പാഞ്ഞെത്തിയത്. അതേസമയം, സനിലും സഹോദരനും വീടിന് പുറത്തുള്ള തിണ്ണയിൽ ഉറങ്ങുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് നാലുപേരും വീടിനുള്ളിലേക്ക് ഓടിക്കയറി. അതിനിടെ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു.
വാതിൽ പോലും ഘടിപ്പിക്കാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നിട്ടും ഏഴംഗ കുടുംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന് മുന്നിൽ മഴനനയാതിരിക്കാൻ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷെഡ്ഡ്ആന തകർത്തു. വീടിന് ഘടിപ്പിക്കാൻ വാങ്ങിവച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും ചവിട്ടി നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയ ശേഷമാണ് പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
അപകടകാരിയായ മോഴയാനയെ പിടികൂടണം
ആറളം മേഖലയിൽ നിരന്തരം ഭീതി വിതയ്ക്കുന്ന അതേ മോഴയാനയാണ് ഈ ആക്രമണത്തിനും പിന്നിലുമെന്നാണ് നാട്ടുകാർ പറയുന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്ലോക്ക് 13ലും 10ലും വെള്ളി, ലീല, അനീഷ് എന്നിവർ ഈ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അപകടകാരിയായ ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കോടതിയുടെ നിർദേശപ്രകാരം ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരുന്നത്.
എന്നിട്ടും കൃഷിനാശവും ജനവാസമേഖലകളിലെ ആക്രമണവും തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആറളം മേഖലയിൽ ഇതുവരെ കാട്ടാനയുടെആക്രമണത്തിൽ 14 പേർ മരിച്ചിട്ടുണ്ട്. വന്യജീവി ശല്യം കുറയ്ക്കാൻ നിർമാണം ആരംഭിച്ച ആനത്തടം മൂന്ന് വർഷം പിന്നിട്ടിട്ടും പകുതിപോലും പൂർത്തിയാകാത്തതും പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
അടച്ചുറപ്പില്ലാത്തവീടുകളിൽ നൂറുകണക്കിന് കുടുംബങ്ങൾ
നൂറുകണക്കിന് കാട്ടാനകൾ സഞ്ചരിക്കുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഇന്നും നിരവധി കുടുംബങ്ങൾ സുരക്ഷിതമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. നൂറിലേറെ കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾ മാത്രം വലിച്ചുകെട്ടിയ കുടിലുകളിലാണ് കഴിയുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.
പുനരധിവാസ മിഷന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുന്നില്ലെന്നും മതിയായ ഉദ്യോഗസ്ഥ സാന്നിധ്യമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സൈറ്റ് മാനേജർക്ക് തളിപ്പറമ്പിന്റെ അധിക ചുമതലയും നൽകിയതോടെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആറളത്ത് എത്തുന്നതെന്നും പരാതിയുണ്ട്. രണ്ടായിരത്തിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലകളിലൊന്നായ ആറളത്ത് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
