ഉള്ളൂര്‍: ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ മെഡിക്കല്‍കോളജ് പോലീസ് അഞ്ചു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. വയനാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാള്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ചയാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എബേല്‍ അഗസ്റ്റിനെതിരേ സംഭവത്തില്‍ രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ പരാതിയില്‍ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി ബുധനാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസ് എഫ്ഐആര്‍ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ തയാറായില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആരോപണം.
ഒരേ സ്വഭാവമുള്ള പരാതികളായതിനാല്‍ ഒറ്റ എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനെയാണ് വിദ്യാര്‍ഥിനികള്‍ എതിര്‍ത്തത്. എട്ടുപേരാണ് പോലീസില്‍ പരാതി നല്‍കിയതെങ്കിലും നിലവില്‍ അഞ്ചുപേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിലുളള കേസുമായി പുതിയ പരാതികള്‍ കൂട്ടിച്ചേര്‍ക്കാമെന്ന പോലീസിന്റെ നിലപാടിനെതിരേ ബുധനാഴ്ച രാത്രി വൈകി വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധമുയരുകയുണ്ടായി.
അതിനിടെ വിദ്യാര്‍ഥി സംഘം മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ എത്തുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാര്‍ഥികളുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അതിനിടെ ആദ്യം പരാതിനല്‍കിയ ചില വിദ്യാര്‍ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിലും മെഡിക്കല്‍കോളജ് പോലീസിന് ഈ സംഭവങ്ങളിലെല്ലാം കേസെടുക്കേണ്ടതായി വരും.
