രാജ്യസഭയില്‍ മോദിയുടെ പ്രസംഗത്തിനിടെ ചിരിയടക്കാനാവാതെ എംപി രേണുക ചൗധരി! സീരിയലിലെ ചിരിയ്ക്ക് സമാനമെന്ന് തിരിച്ചടിച്ച് പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം മോശമായെന്ന് പ്രതികരിച്ച് വനിതാ എംപി

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. അത്തരത്തിലൊന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് എംപി രേണുക ചൗധരിയെയും സംബന്ധിച്ച് നടക്കുന്നത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാനാണ് ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രാധാനമന്ത്രി പ്രധാനമായും ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ലമെന്റിലെ പുതിയ വിവാദം. നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ചിരിയും അതിന് പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിയുമാണ് അത്.

ബുധനാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പ്രസംഗത്തിലൂടെ കടിച്ചു കുടയുമ്പോഴായിരുന്നു രേണുകാ ചൗധരിയുടെ ചിരി. എല്ലാവരും നിശബ്ദരായിരിക്കെ പ്രധാനമന്ത്രിയുടെ പ്രസംഗം മാത്രം ഉയരുമ്പോള്‍ ഉണ്ടായ രേണുകയുടെ ചിരി എല്ലാവരും ശ്രദ്ധിക്കുക തന്നെ ചെയ്തു. ചിരി വകവയ്ക്കാതെ മോദി പ്രസംഗം തുടര്‍ന്നു. എന്നാല്‍ രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യാ നായിഡു രേണുകയെ ശാസിക്കുകയും ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രേണുക ചിരിച്ചു കൊണ്ടിരുന്നതോടെ പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു.

രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം കിട്ടുന്നത് ഇതാദ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി അംഗങ്ങള്‍ ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തനിക്കെതിരേ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ബിജെപിയ്ക്ക് സ്ത്രീകളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്നതാണെന്നായിരുന്നു രേണുകയുടെ പ്രതികരണം. അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണെന്നായിരുന്നു മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ ഉളളടക്കം. അവരുടെ നയങ്ങള്‍ മൂലം സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിന് ശേഷവും ഇന്ത്യാക്കാര്‍ ദിനംപ്രതി വിഷമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Related posts