കൊച്ചി: നിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ(48) കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ചെന്നൈയിലെ തന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ട് പരാതികളിലാണ് എറണാകുളം സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ കമ്പനി സിഇഒ ചെന്നൈ സ്വദേശി ശരവണനാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷെര്‍ഷാദ് നടത്തിയത് കരുതിക്കൂട്ടിയുളള ചതിയാണെന്നാണ് പോലീസിന്റെ വാദം. ഈ കാര്യങ്ങളിലടക്കം വ്യക്ത തേടും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ഷെര്‍ഷാദ് പാര്‍ട്ടി പിബിക്ക് നല്കിയ കത്ത് വിവാദമായിരുന്നു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെയുള്ള പരാമര്‍ശമാണ് കാരണം. ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്നും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഷെര്‍ഷാദ് പറഞ്ഞിരുന്നു.

