കൃപേഷിന്റെ വീട് കണ്ട് നിശബ്ദനായിപ്പോയ മുല്ലപ്പള്ളി ശരത്ത് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു! മാധ്യമങ്ങളെ കണ്ടപ്പോള്‍ അടക്കി വച്ചിരുന്ന സങ്കടം ദേഷ്യമായി പൊട്ടിത്തെറിച്ചു; കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം വീതം കെപിസിസിയുടെ വാഗ്ദാനവും

രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീട്ടിലെത്തി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൃപേഷിന്റെ ഒറ്റമുറി വീടും അതിലെ അലമുറയിട്ട കരച്ചിലുകളും കേട്ട് നിശബ്ദനായിപ്പോയ മുല്ലപ്പള്ളി ശരത്ത് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു.

തിണ്ണയിലെ കസേരയില്‍ നിശ്ശബ്ദമായി വിലപിക്കുകയായിരുന്നു ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. മടിയില്‍ക്കിടന്ന് അലമുറയിടുകയായിരുന്നു സഹോദരി അമൃത. എന്തുപറയണമെന്നറിയാതെ സത്യനാരായണന്റെ തോളില്‍ കൈവെച്ചുനിന്ന മുല്ലപ്പള്ളി വിതുമ്പിക്കരഞ്ഞു. പലപ്പോഴും നിയന്ത്രണം വിട്ട് അത് പൊട്ടിക്കരച്ചിലുമായി.

സ്വയം നിയന്ത്രിച്ചും ആശ്വാസവാക്കുകള്‍ പറഞ്ഞും അല്പസമയം ചെലവിട്ട് പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരെ കണ്ടു. തുടര്‍ന്ന് അതുവരെ അടക്കിവെച്ചിരുന്ന സങ്കടം ദേഷ്യമായി പൊട്ടിത്തെറിച്ചു. ”മരിച്ച രണ്ടുപേരുടെയും വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് എനിക്ക് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കാനുള്ളത്” -അദ്ദേഹം പറഞ്ഞു. ”സി.പി.എം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്നാണ് പറയുന്നത്. കണ്ടില്ലേ, ഈ കൊല്ലപ്പെട്ടതൊക്കെ പാവപ്പെട്ട തൊഴിലാളികളാണ്. എന്നിട്ട്, തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണുപോലും. നാണംകെട്ട പാര്‍ട്ടി” -മുല്ലപ്പള്ളി രോഷംകൊണ്ടു.

കൊല്ലാന്‍മാത്രം എന്തു കുറ്റമാണ് ഇവര്‍ ചെയ്തത്? മുഖ്യമന്ത്രി പറയാറുണ്ടല്ലോ താന്‍ വളര്‍ന്ന ചുറ്റുപാടിനെപ്പറ്റി. അതിനേക്കാള്‍ ദരിദ്രചുറ്റുപാടിലാണ് ഇവരൊക്കെ വളര്‍ന്നത്. കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു, കൂലിവേല ചെയ്താണ് മകനെ പോറ്റിയതെന്ന്. ഇവരുടെ നിലവിളി നിങ്ങള്‍ കാണുന്നില്ലേ? അമ്പതുവര്‍ഷമായി സി.പി.എം. തുടരുന്ന കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് ഇവര്‍ കൊല നടത്തുന്നത്. അവരെ പിടിച്ചതുകൊണ്ടായില്ല. ഗൂഢാലോചന നടത്തുന്നവരെ പിടിക്കണം. അത്തരത്തിലുള്ള ചെറിയ ചുവടുവെപ്പാണ് അരിയില്‍ ഷുക്കൂര്‍ വധം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിലും ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞതാണ്. അതിന് എന്നെ വിമര്‍ശിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന കേരള സംരക്ഷണ യാത്ര നിര്‍ത്തിവയ്ക്കണം -മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related posts