വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിനു സമീപം വള്ളം മറിഞ്ഞു കാണാതായ പാണാവള്ളി വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത് ) സുമേഷിന്റെ(45കണ്ണൻ) മൃതദേഹം കണ്ടെത്തി.അരൂർ കോട്ടപ്പുറത്ത് കായലോരത്ത് പായലും പുല്ലും വളർന്നഭാഗത്താണ് ഇന്നുരാവിലെ ഒന്പതോടെ പ്രദേശവാസികൾ മൃതദേഹം കണ്ടത്.
കമഴ്ന്ന നിലയിൽ കണ്ട മൃതദേഹം ബന്ധുക്കളെത്തി സുമേഷിന്റേതാണെന്നു സ്ഥിരീകരിച്ചു. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാണാവള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കാട്ടിക്കുന്ന് തുരുത്തിൽ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന പാണാവള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് സുമേഷിനെ(45കണ്ണൻ) കാണാതായത്.
വള്ളംമുങ്ങിയപ്പോൾ നീന്തലറിയാമായിരുന്ന കണ്ണൻ രണ്ടു സ്ത്രീകളെ രക്ഷിച്ച് വഞ്ചിയിൽ പിടിപ്പിച്ച ശേഷം സുഹൃത്തായ അനിക്കുട്ടനൊപ്പം നീന്തിപ്പോകുമ്പോഴാണ് മുങ്ങിത്താണത്. കരപറ്റിയ അനിക്കുട്ടൻ കണ്ണനെ കാണാനില്ലെന്നു പറഞ്ഞതോടെ കണ്ണനായി ഫയർഫോഴ്സ് സ്കൂബ ടീമും എന് ഡിആര്എഫ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കണ്ണൻ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. അപകടത്തിൽ കണ്ണൻ മരണപ്പെട്ടതോടെ നിർധന കുടുംബത്തിന്റെ ഏകാശ്രയമാണ് ഇല്ലാതായത്.