എന്റെ പൊന്നോ…ഞാനെങ്ങുമില്ല ! കുടുംബത്തിന് വലിയ ആശങ്കയാണുള്ളത്; പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് മുഷ്ഫിക്കര്‍ റഹിം…

പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്നു തുറന്നു പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്താരം മുഷ്ഫിക്കര്‍ റഹിം. കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ച് ബംഗ്ലദേശിന്റെ പാക്ക് പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേ കാരണത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും മുഷ്ഫിഖര്‍ റഹീം പിന്‍മാറിയിരുന്നു.

പാക്കിസ്ഥാനില്‍ പോകുന്നില്ലെന്ന തീരുമാനം വളരെക്കാലം മുമ്പു തന്നെ എടുത്തതാണെന്നും ഇക്കാര്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പാക്കിസ്ഥാനിലേക്കു പോകുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ല. കാര്യങ്ങള്‍ വിശദീകരിച്ച് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്. ബംഗ്ലദേശിനായി കളിക്കാതിരിക്കുന്നതു കുറ്റം തന്നെയാണ്. പക്ഷേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതില്‍നിന്നും ഞാന്‍ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ് മുഴുവന്‍ പാക്കിസ്ഥാനിലാണു നടക്കുന്നതെന്ന് അറിഞ്ഞതോടെയാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും റഹിം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തനിക്ക് അവിടെ പോയി കളിക്കാനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്ന് റഹിം പ്രതികരിച്ചു. ബംഗ്ലദേശ്, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള നിരന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് ബംഗ്ലദേശ് പാക്കിസ്ഥാനില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ട്വന്റി20 മത്സരം മാത്രം കളിക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്നും ബംഗ്ലദേശ് നിലപാടെടുത്തു. എന്നാല്‍ പിന്നീട് ജനുവരിയില്‍ മൂന്ന് ട്വന്റി20, ഫെബ്രുവരിയില്‍ ഒരു ടെസ്റ്റ്, ഒരു ഏകദിനം, ഏപ്രിലില്‍ വീണ്ടുമൊരു ടെസ്റ്റ് എന്നിങ്ങനെ മത്സരങ്ങള്‍ നടത്തുന്നതിന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചു. റഹിമിനെ ഒഴിവാക്കിയുള്ള ട്വന്റി20 ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related posts