വിവാഹത്തിനുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു ! ഒടുവില്‍ ബാഗ് തിരികെ കിട്ടിയത് ഇങ്ങനെ…

സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിലാല്‍ ആണ് വരന്‍.

കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

നാദിര്‍ഷയും കുടുംബവും തീവണ്ടിയില്‍ മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയില്‍ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു.

ഉടന്‍ തന്നെ കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി.

അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി. ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു.

തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി. കല്യാണം മനോഹരമായി നടക്കുകയും ചെയ്തു.

Related posts

Leave a Comment