കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകനും നടൻ ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷ ഉടൻ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു സൂചന. നെഞ്ചു വേദനയെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദിർഷ ഇന്നലെ രാത്രി പത്തോടെ ആശുപത്രി വിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് നാദിർഷയെ വിളിപ്പിച്ചിരുന്നു. ഇതോടെ നാദിർഷ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു. എന്നാൽ, തന്നെ അറസ്റ്റു ചെയ്യരുതെന്നു നാദിർഷ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നെങ്കിലും ഹൈക്കോടി ആവശ്യം തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
ഇതോടെ, ചോദ്യം ചെയ്യലിനു നാദിർഷ ഹാജരാകുമെന്നാണു വിവരം. കേസിൽ മുൻപ് നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലാകും മുൻപു നടന്ന ആ ചോദ്യം ചെയ്യലിൽ താരം പറഞ്ഞ പല കാര്യങ്ങളും കളവാണെന്നു ബോധ്യപ്പെട്ടതോടയാണു വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്റെ ഉറ്റ സുഹൃത്തിനെ സഹായിക്കാനാണു നാദിർഷ ശ്രമിച്ചതെന്നാണു പോലീസിന്റെ നിഗമനം. ഇക്കാര്യങ്ങളിൽ വ്യക്തത തേടിയാണു വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം.
ചോദ്യം ചെയ്ത ശേഷം മാത്രമേ നാദിർഷയെ അറസ്റ്റു ചെയ്യുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഉന്നത പോലീസ് അധികൃതർ പറയുന്നത്. അതേസമയം, കേസിൽ നടൻ അനൂപ് ചന്ദ്രൻ നൽകിയ മൊഴി പുറത്തു വന്നു. തന്റെ അവസരങ്ങൾ ഇല്ലാതാക്കി തന്നെ ഒതുക്കിയതു ദിലീപാണെന്നാണ് അനൂപ് മൊഴി നൽകിയിരിക്കുന്നത്. മിമിക്രിക്കെതിരേ അഭിപ്രായം പറഞ്ഞതാണു ദിലീപിനെ ചൊടിപ്പിച്ചത്. ഇതുമൂലമാണു തനിക്കെതിരേ തിരിഞ്ഞതെന്നും അനൂപിന്റെ മൊഴിയിൽ പറയുന്നു. പോലീസുകാർ തന്നെ ഫോണിൽ വിളിപ്പിക്കുകയായിരുന്നുവെന്നു അനൂപ് ചന്ദ്രൻ രാഷ്ട്രദീപികയോടു സ്ഥിരീരിച്ചു. ഏതു സാഹചര്യത്തിലാണു പോലീസ് വിളിപ്പിച്ചതെന്നും പറയാൻ അദ്ദേഹം തയാറായില്ല. ഈ കേസിൽ പോലീസ് എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണു മുന്നോട്ടു പോകുന്നതെന്നും എല്ലാ കാര്യങ്ങളും അടുത്ത ദിസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.