പഞ്ചപാവം നടിക്കുന്നത് വിശ്വസിക്കാനാവില്ല; കാറിലെ പീഡനദൃശ്യങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് കൃത്യമായി അറിയാം; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താമെന്നുറച്ച് പോലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച്് വിവരം ലഭിച്ചതായി സൂചന. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ഫോണ്‍ നശിപ്പിച്ചെന്ന വാദം പോലീസ് വിശ്വസിക്കുന്നില്ല. നാദിര്‍ഷയ്ക്ക് ഫോണിനെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് നിഗമനത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. ആവശ്യം വന്നാല്‍ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി മുമ്പ് സുനി മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. ഇതോടൊപ്പം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി പരിഗണിക്കുന്ന 13നു മുമ്പ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്.

വസ്തുതകള്‍ മറച്ചു പിടിക്കാന്‍ നാദിര്‍ഷ ശ്രമിച്ചിട്ടുണ്ട് എന്നു തന്നെയാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇതു ഫലത്തില്‍ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിര്‍ഷായെ പ്രതിചേര്‍ത്തേക്കുമെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്. കാവ്യാ മാധവനേയും ദിലീപിനെ സഹായിച്ചതിന് പ്രതിയാക്കും. മാനേജര്‍ അപ്പുണ്ണിയും സംശയ നിഴലിലാണ്. അപ്പുണ്ണിയോടും മാപ്പു സാക്ഷിയാകുന്നതിന്റെ സാധ്യതകള്‍ പൊലീസ് തേടിയിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രത്യക്ഷ തെളിവുകള്‍ കിട്ടുക അസാധ്യമാണ്. അതുകൊണ്ട് തന്നെ മാപ്പുസാക്ഷിയെ കിട്ടിയാല്‍ കേസ് കൂടുതല്‍ ശക്തമാകും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്.

അറസ്റ്റു ഭയന്ന് ആശുപത്രിയില്‍ അഭയം പ്രാപിച്ച നാദിര്‍ഷ ആശുപത്രി വിടുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന 13നു ശേഷം മാത്രം ആശുപത്രി വിടാന്‍ നാദിര്‍ഷ ശ്രമിക്കുമെന്നാണ് സൂചന.ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന് നാദിര്‍ഷ പറയുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു. ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാല്‍ താന്‍ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ ബോധിപ്പിക്കുന്നത്.കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നാദിര്‍ഷയെ ചോദ്യം ചെയ്‌തേ പറ്റൂവെന്നും പൊലീസ് പറയുന്നു.

താന്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് സമ്മതിപ്പിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് നാദിര്‍ഷ ആരോപിക്കുന്നു.ഇതു തനിക്കു മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടികള്‍ ഉണ്ടാക്കുന്നു. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് മാധ്യമങ്ങളിലൂടേയും മറ്റും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പലവട്ടം ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും നാദിര്‍ഷ ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

 

 

Related posts