ഇന്ന് രണ്ടിലൊന്നറിയാം ! ഇന്ന് അര്‍ധ രാത്രിയില്‍ അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ കുറിക്കപ്പെടുന്നത് പുതിയ ചരിത്രം; മനുഷ്യരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന ഇന്‍സൈറ്റിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

ഭൂമിയില്‍ നിലനില്‍പ്പ് അസാധ്യമായാല്‍ മനുഷ്യന്‍ എന്തു ചെയ്യും ? കഴിഞ്ഞ കുറേക്കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്‌പേസ്ഷിപ്പായ ഇന്‍സൈറ്റ് അര്‍ധരാത്രി ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നത്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനെടുക്കുന്ന ആറര മിനുറ്റ് സമയം അതിനിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നത്.

കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറില്‍ 123000 മൈല്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതികുതിച്ച് കൊണ്ടിരിക്കുന്ന ഇന്‍സൈറ്റിനെ മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗത്തിലേക്ക് കുറച്ച് ലാന്‍ഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച് അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ ഇന്‍സൈറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍സൈറ്റിന്റെ വേഗത അഞ്ച് മൈലിലേക്ക് ചുരുക്കി സുരക്ഷിതമായി ചൊവ്വാ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യിപ്പിക്കാനാവുമെന്നാണ് അണിയറക്കാര്‍ വിചാരിക്കുന്നത്.

ചൊവ്വയുടെ ആന്തരിക തലത്തിലുള്ള രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ ദൗത്യമാണ് ഇന്‍സൈറ്റിനുള്ളതെന്നും വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 16 അടിയോളം ആഴത്തിലുള്ള കാര്യങ്ങളായിരിക്കും ഇന്‍സൈറ്റ് നിരീക്ഷിക്കാന്‍ പോകുന്നത്.ഇന്‍സൈറ്റിനായി സെന്‍സറുകള്‍ അടങ്ങിയ സിസ്‌മോമീറ്റര്‍ ലണ്ടനിലെ ഇംപീരിയല്‍ കോളജിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്‍സൈറ്റിനെ ചൊവ്വയില്‍ അതീവ ശ്രദ്ധയോടെയും സുരക്ഷിതമായും ലാന്‍ഡ് ചെയ്യിപ്പിക്കുന്നതില്‍ കാലിഫോര്‍ണിയയിലെ പാസദേനയിലെ നാസ മിഷന്‍ കണ്‍ട്രോള്‍ അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്.

ലാന്‍ഡ് ചെയ്യുന്ന ആറര മിനുറ്റ് സമയത്തെ മിനുറ്റ്‌സ് ഓഫ് ടെറര്‍ എന്നാണിവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മിക്ക മിഷനുകളെ സംബന്ധിച്ചിടത്തോളവും ലാന്‍ഡിംഗ് സങ്കീര്‍ണമായ പ്രവൃത്തിയാണ്. ഈ അവസരത്തില്‍ അവ തകരുന്നതിനുള്ള സാധ്യതയേറെയുമാണ്. ഇതിന് മുമ്പ് ഇത്തരത്തില്‍ സോവിയറ്റ് യൂണിയനും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചൊവ്വയിലേക്ക് നടത്തിയ ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നു. ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന സംഭവമായാണ് ഇന്‍സൈറ്റിന്റെ ലാന്‍ഡിംഗ് വിലയിരുത്തപ്പെടുന്നത്.

Related posts