വീടുവിട്ടിറങ്ങിയപ്പോള്‍ കൈയ്യില്‍ ചില്ലിക്കാശില്ലായിരുന്നു ഉണ്ടായിരുന്നത് നൃത്തം പഠിക്കണമെന്ന ആഗ്രഹം മാത്രം ! ഇത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മുഴുവനുള്ള അംഗീകാരം; പിന്നിട്ട യാതന നിറഞ്ഞ വഴികളെക്കുറിച്ച് മനസ്സു തുറന്ന് പത്മശ്രീ നടരാജ്…

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രാജ്യം നല്‍കിയ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് നര്‍ത്തകി നടരാജ്. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വലിയ പ്രചോദനമാകുമെന്നും പത്മ പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരിക്കല്‍ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച നടരാജ് പത്മ പുരസ്‌കാര നേട്ടത്തിലേക്ക് നടന്നു കയറിയത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കനല്‍വഴികള്‍ താണ്ടിയാണ്. പതിനൊന്നാം വയസ്സില്‍ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നര്‍ത്തകി നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തിയതോടെ സ്വപ്ന സാഫല്യം. നര്‍ത്തകി നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ പി കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്‍കി നടരാജിന്റെ ചുവടുറപ്പിച്ചു.

ചെറിയൊരു ലോണ്‍ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി തേടി അലഞ്ഞതും നര്‍ത്തകി നടരാജ് ഇപ്പോഴും വേദനയോടെ ഓര്‍മ്മിക്കുന്നു. പക്ഷെ തളരാത്ത പോരാട്ട വീര്യത്തോടൊപ്പം നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനപ്രയത്‌നവും നടരാജിനെ വലിയ നര്‍ത്തകിയാക്കി. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല യുഎസും യൂറോപ്പും അടക്കമുള്ള പാശ്ചാത്യദേശങ്ങളിലും നടരാജ് അറിയപ്പെടുന്ന നര്‍ത്തകിയാണ്.

നടരാജിന്റെ കീഴില്‍ നൃത്തം പഠിക്കാന്‍ മധുരയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ എത്തുന്നു. നൃത്ത ഗവേഷണത്തിനായി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ ചെന്നൈയിലടക്കം വേരുകളുള്ള വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശത്തിനായുള്ള ട്രസ്റ്റും നര്‍ത്തകി നടരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍ക്ക് പുറമേ പ്ലസ്‌വണ്‍ തമിഴ് പാഠപുസ്തകത്തില്‍ നടരാജിന്റെ ജീവിതകഥ ഒരു പാഠഭാഗമായി ഉള്‍പ്പെടുത്തിയാണ് നടരാജിനെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചത്. പോരാട്ടവഴികളില്‍ ഒറ്റയ്ക്കായിരുന്നെങ്കിലും ഇന്ന് തനിക്ക് ലോകം മുഴുവന്‍ ബന്ധുക്കളുണ്ടെന്ന് നര്‍ത്തകി നടരാജ് സന്തോഷത്തോടെ പറയുന്നു.

Related posts