മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലണം ! ‘കത്തുന്ന ‘ പ്രസ്താവനയുമായി സിദ്ദു

മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുസ്ഥലത്തു വെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു.

പഞ്ചാബില്‍ കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ മതനിന്ദാ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടുപേരെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഇതിനു തൊട്ടുപിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണത്തെ സാധൂകരിക്കുന്ന രീതിയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പുറത്തുവരുന്നത്.

മലേര്‍കോട്‌ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിദ്ദു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടത്.

സിഖ് സമുദായത്തിനെതിരെയുളള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും സിദ്ദു അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

അതേസമയം സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന മതനിന്ദ ആരോപണവും ആള്‍ക്കൂട്ടക്കൊലയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടെ നടന്ന സമാനമായ മറ്റൊരു സംഭവവും ഏവരുടെയും ശ്രദ്ധ പഞ്ചാബിലേക്ക് തിരിക്കുകയാണ്.

ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ അനുരണനങ്ങള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെയാണ് രാഷ്ട്രീയകക്ഷികള്‍ വാക്കുകള്‍ പുറപ്പെടുവിക്കുന്നത്.

എന്നാല്‍ വികാരോദ്ദീപകമായ സിദ്ദുവിന്റെ പ്രസ്താവന കടുത്ത ആശങ്ക ഉളവാക്കുകയാണ്.

നേരത്തെ മുഖ്യമന്ത്രി ഛന്നി മതനിന്ദാ സംഭവങ്ങളെ ശക്തമായി അപലപിച്ചെങ്കിലും ആരോപണവുമായി ബന്ധപ്പെട്ടു നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മൗനം പാലിച്ചിരുന്നു. സിദ്ദുവിന്റെ പ്രസ്താവന അതിരു കടന്നു പോയെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment