എനിക്കിതുവരെ സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല! മീടുവിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നവരോട് ബഹുമാനമാണ്; നയം വ്യക്തമാക്കി നവ്യ നായര്‍

സിനിമയില്‍ സജീവമായിരുന്ന കാലത്തും പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്തും ഇപ്പോള്‍ നൃത്തവേദികളിലൂടെയും മിനിസ്‌ക്രീനിലൂടെയും തിരിച്ചെത്തുന്ന സമയത്തും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. സമൂഹത്തിലൊന്നാകെയും പ്രത്യേകിച്ച് സിനിമാ മേഖലയില്‍ തരംഗമാവുന്ന മീടു കാമ്പയിനെക്കുറിച്ച് നവ്യയ്ക്ക് പറയാനുള്ളതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

തനിക്കിതുവരെ സിനിമാ മേഖലയില്‍ നിന്നും മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മീ ടൂവിനെ നിഷേധിക്കുന്നില്ലെന്നുമാണ് നവ്യാ നായര്‍ വ്യക്തമാക്കുന്നത്. സിനിമ മേഖലയില്‍ മാത്രമല്ല പീഡനവും ലിംഗ വിവേചനവും, എല്ലായിടത്തുമുണ്ട്. പക്ഷേ എനിക്കിതു വരെ അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ സിനിമയില്‍ അങ്ങനെ ഇല്ല എന്നൊന്നും താന്‍ പറയുന്നില്ല. മീ ടൂവിലൂടെ തന്റേടത്തോടെ വെളിപ്പെടുത്തല്‍ നടത്തുന്നവരോട് ബഹുമാനം ഉണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

സാമൂഹ്യ അവബോധമുള്ള ഒരാളാണ് ഞാന്‍. ലിംഗസമത്വം, സമകാലീന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് എന്റേതായ കാഴ്ചപ്പാടുകള്‍ എനിക്കുണ്ട്. എന്നാല്‍ ഒരു അമ്മയെന്ന നിലയില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ എന്നെ വളരെയധികം ബാധിക്കാറുണ്ട്. കുട്ടികള്‍ അക്രമിക്കപ്പെടുമ്പോള്‍ അവര്‍ ശരിക്കും നിസ്സഹായരാണ്. ഇതെന്നെ ശരിക്കും വേദനിപ്പിക്കാറുണ്ട്. ചിന്നച്ചിരു കിളിയെ എന്ന ആല്‍ബം ഈ വേദനയില്‍ നിന്നുണ്ടായതാണെന്നും നവ്യ നായര്‍ വ്യക്തമാക്കി.

തന്റെ ആല്‍ബത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ എങ്ങിനെ കരുതുമെന്ന ഉത്കണ്ഠയുണ്ടായിരുന്നു, ജനങ്ങള്‍ സ്വീകരിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Related posts